സ്വന്തം ലേഖകൻ
തിരുവനന്തപുരം :ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ സംരക്ഷണം ഒന്നും ഇല്ലാത്ത കാലത്തും താൻ ഇത്തരം ഭീഷണികളെ അതിജീവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാധാകൃഷ്ണന്റെ ആളുകൾ മുമ്പും പലതവണ ഇത്തരം ഭീഷണികൾ മുഴക്കിയിട്ടുണ്ടെന്നും എന്നിട്ടും താൻ വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
രാധകൃഷ്ണന്റെ ആളുകൾ വളരെ കാലം മുൻപ് തന്നെ ഇങ്ങനെയുള്ള ഭീഷണി ഉയർത്തിയിട്ടുണ്ട്. അന്നെല്ലാം താൻ വീട്ടിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്. നമ്മൾ ഓരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കൾ ആണെന്ന് സ്വയം തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ കാര്യത്തിൽ താൻ ഇമ്മാതിരി ഉള്ള ഭീഷണികൾ എങ്ങനെ എടുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇപ്പോൾ പലവിധ സംരക്ഷണത്തിലും ഇരിക്കുന്ന ആളാണല്ലോ താൻ. ഈ സംരക്ഷണം ഒന്നും ഇല്ലാത്ത കാലവും താൻ കടന്നുവന്നതാണ്. അത് ഓർത്താൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇതു തുടർന്നാൽ പിണറായി വിജയന് അധികകാലം വീട്ടിൽ കിടന്നുറങ്ങേണ്ടി വരില്ലെന്നുമാണ് എഎൻ രാധാകൃഷ്ണൻ പറഞ്ഞത്. മക്കളെ കാണാൻ പിണറായി ജയിലിൽ നിന്നു വരേണ്ടി വരുമെന്നുമാണ് എഎൻ രാധാകൃഷ്ണൻ പറഞ്ഞത്.