കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തള്ളിവിടുന്നതു സാമ്പത്തിക അരാജകത്വത്തിലേക്ക്; ബുദ്ധിമുട്ടുന്നത് കള്ളപ്പണക്കാരല്ല സാധാരണക്കാരായ ജനങ്ങള്‍; സഹകരണ മേഖലയെ തകര്‍ക്കാര്‍ ആഗോള ഗൂഢോലോചന

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണു തള്ളി വിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ആഗോള ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലാ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും അതുവഴി ആഭ്യന്തര കലാപത്തിലേക്കും തള്ളിവിടാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”അഞ്ഞൂറ് ആയിരം നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കില്ലേ എന്നു സുപ്രീം കോടതി തന്നെ ചോദിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജനജീവിതത്തെ തകര്‍ക്കുകയുമാണ് സര്‍ക്കാരിന്റെ നടപടി ചെയ്തത്. നമ്മുടെ രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്കു നയിക്കുക എന്ന ഗൂഢാലോചന നോട്ട് അസാധുവാക്കലിനു പിന്നിലില്ലേ എന്നു സംശയിക്കണം. നടപടി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കു തള്ളിവിടും. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി കള്ളപ്പണം സൂക്ഷിക്കുന്നതിനു വഴിയൊരുക്കുമെന്നാണു പറയുന്നത്. പഴയ കറന്‍സികള്‍ മാറ്റി അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ വരുന്നില്ലേ. അപ്പോള്‍ സര്‍ക്കാരിന്റെ വാദത്തിലെന്താണ് ന്യായം.

നികുതിവെട്ടിച്ചു പണം സൂക്ഷിക്കുന്നത് ഇല്ലാതാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കറന്‍സി പിന്‍വലിച്ചതുകൊണ്ടു കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയില്ല. സാമ്പത്തിക വിദഗ്ധരിലേറെയും കറന്‍സി പിന്‍വലിച്ചതിനെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ധനഇടപാടിന്റെ 90 ശതമാനവും കറന്‍സിയിലൂടെയാണു നടക്കുന്നത്. നോട്ട് പിന്‍വലിച്ചാല്‍ സാധാരണ ജനങ്ങള്‍ക്കു നിത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയും ജീവന്‍ രക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു.
പണം കിട്ടാത്തതുമൂലം നിരവധി പേരാണ് ജീവനൊടുക്കിയത്. രാജ്യത്തെ മുപ്പതുശതമാനം ജനങ്ങള്‍ക്കു മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമുള്ളത്. രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ ഭൂരിഭാഗവും ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങളാണ് നോട്ട് പിന്‍വലിച്ചതു മൂലം ദുരിതത്തിലായത്. നമ്മുെട നാട്ടിലെ ബാങ്കിങ് സംവിധാനത്തില്‍ നാട്ടുകാര്‍ക്കു വിശ്വാസമുണ്ട്. അത് ഇല്ലാതാക്കലാണ് സര്‍ക്കാര്‍ ചെയ്തത്.

നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയതോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണ് ഇത്. കുടുംബത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ്. നോട്ട് പിന്‍വലിക്കുന്നതിലൂടെ സ്ത്രീകള്‍ കടുത്ത പ്രശ്നം നേരിടുന്നുണ്ട്. നാട്ടിലെ കര്‍ഷകര്‍ വലിയ പ്രശ്നത്തിലായി. എല്ലാ വിഭാഗം കര്‍ഷകരും ജനങ്ങളും നോട്ട് പിന്‍വലിക്കലിന്റെ പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രാജ്യത്തിനു പുറത്തു വന്‍തോതില്‍ കള്ളപ്പണം കെട്ടിക്കിടക്കുകയാണെന്നും അതു കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം നിക്ഷേപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ടെന്തായി ഇപ്പോള്‍. 900 കള്ളപ്പണക്കാരുടെ കണക്ക് തലയണയ്ക്കടിയില്‍ വച്ചു കിടന്നുറങ്ങുകയാണ്. ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനോ അതു വരുത്തിയവരുടെ പേരുകള്‍ പുറത്തുപറയാനോ സര്‍ക്കാര്‍ തയാറാകുന്നില്ല.
സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. സഹകരണ മേഖലയ്ക്കെതിരായ ചില നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. ആഗോളീകരണത്തിന്റെ ഭാഗമായാണ് അതു നടന്നത്. ഇന്ത്യയിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നായിരുന്നു വിവിധ കമ്മിറ്റികള്‍ മുമ്പു പറഞ്ഞത്. പിന്നീട്, വന്ന കമ്പനികള്‍ ഉദാരീകരണം ശക്തമാക്കി. ഇതിന്റെ ഭാഗമായി സഹകരണമേഖലയ്ക്കെതിരായ നീക്കമുണ്ടായി. സാമ്പത്തിക രംഗത്തെ ജനകീയ ബദല്‍ എന്ന നിലയിലാണു സഹകരണ പ്രസ്ഥാനം വന്നത്. അതിനെ ബലഹീനമാക്കുന്ന ശ്രമങ്ങളാണ് അടുത്തകാലത്തെ കമ്മിറ്റികള്‍ നിലപാട് സ്വീകരിക്കുന്നത്.

രഘുറാം രാജന്‍ ചെയര്‍മാനായി 2007-ല്‍ ഒരു സാമ്പത്തിക മേഖലാ പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ബാങ്കിങ് മേഖല കൂടുതല്‍ ഉദാരീകരിക്കണമെന്നായിരുന്നു ശിപാര്‍ശ. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് ലോക്കല്‍ ഏരിയാബാങ്കുകള്‍ ഉണ്ടാക്കണമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ അടച്ചുപൂട്ടണമെന്നും പറഞ്ഞിരുന്നു. പിന്നീട് രഘുരാം രാജന്‍ റിസര്‍വ് ബാങ്കിന്റെ തലവനായി വന്നു. ആഗോളീകരണം നടപ്പാക്കാന്‍ തന്നെയാണ് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നത്.
ഇന്ത്യയിലെ ഗ്രാമീണര്‍ക്കും സമ്പന്നര്‍ക്കും അത്താണിയായി പ്രവര്‍ത്തിക്കുന്നതാണ് സഹകരണ മേഖല. നമ്മുടെ രാജ്യത്തെ വിദേശ മൂലധന ശക്തികള്‍ക്ക് അടിയറ വയ്ക്കുക എന്ന ആശയമാണ് സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിനു പിന്നിലുള്ളത്. കേരളത്തിലെ സഹകരണ മേഖല പ്രതിസന്ധിയിലാകുന്ന എല്ലാനിര്‍ദ്ദേശങ്ങളെ പക്ഷഭേദമില്ലാതെ എതിര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ തപാല്‍ ഓഫീസുകളെ ഉപയോഗിച്ച് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ നേരത്തേ താല്‍പര്യം ലോകബാങ്ക് അറിയിച്ചിരുന്നു. സ്വകാര്യ പേയ്മെന്റ് ബാങ്കുകള്‍ക്കും വന്‍ വിദേശ ബാങ്കുകള്‍ക്കും നമ്മുടെ രാജ്യത്തു ചുവടുറപ്പിക്കണം. അതിനു സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തണം. അതുകൊണ്ടാണ് സഹകരണ മേഖലയെ തകര്‍ക്കുന്നത്.

സഹകരണ മേഖലയെ തകര്‍ക്കുന്നതിനു പിന്നില്‍ ആഗോളഗൂഢാലോചനയുണ്ട്. അഞ്ഞൂറും ആയിരവും നോട്ടുകള്‍ നിരോധിച്ചതിലൂടെ ഏറ്റവും വലിയ വാഗ്ദാനമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്. ഓരോരുത്തരും അധ്വാനിച്ചു സമ്പാദിച്ച പണം ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാകുന്നത്. ഭരണഘടന ഉറപ്പുവരുന്ന മൗലികാവകാശവും സാമൂഹിക നീതിയുമാണ് നിഷേധിക്കപ്പെടുന്നത്. ചുരുക്കത്തില്‍ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കു തള്ളിവിടുന്നതാണ് നീക്കങ്ങള്‍. കെവൈസിയോ മറ്റു സങ്കേതങ്ങളോ വേണ്ടതാതെ എല്ലാ ഇടപാടുകാരെയും നേരിട്ട് അറിയുന്ന സംവിധാനമാണ് സഹകരണ മേഖല.

സ്വകാര്യ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കു കൃത്യമായ ബദല്‍ എന്ന നിലയിലാണ് സഹകരണ ബാങ്കുകള്‍ നിലനില്‍ക്കുന്നത്. ഇതു തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ അവസ്ഥ തുടരാന്‍ ഒരു തരത്തിലും അനുവദിക്കില്ല. സഹകരണ മേഖലയുടെ അന്തസത്തയെ തകര്‍ക്കുന്ന ഉള്ളടക്കമായിരുന്നു വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരേ നിലപാടാണെടുത്തത്. അതേ സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ അതിനോട് ഒട്ടും മാന്യത കാണിക്കുന്നില്ല. ഉത്തമമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ താല്‍പര്യമില്ലാതെയാണു കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന് 111 വര്‍ഷത്തെ ചരിത്രമുണ്ട്. നമ്മുടെ സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ ഉയര്‍ന്നുവന്നത് ദേശീയ പ്രസ്ഥാനത്തിന്റെഭാഗമാണ്.നവോഥാന നായകരും വലിയപങ്കു വഹിച്ചിരുന്നു.
സഹകരണ മേഖലയുടെ പ്രവര്‍ത്തനം ഇല്ലാതായാല്‍ നമ്മുടെ നാട്ടില്‍ സക്രിയമായുള്ള നിരവധി മേഖലകളാണ് ഇല്ലാതാകുന്നത്. സഹകരണസംഘങ്ങള്‍ കൊടുക്കുന്ന വായ്പ മറ്റാരും കൊടുക്കില്ല. കൃഷിക്കാര്‍ക്ക് അവര്‍ക്കാവശ്യമായ വായ്പ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിയുമോ? ഇ എം എസ് ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുണ്ടായിരുന്നതു സഹകരണ സംഘങ്ങള്‍ മാത്രമായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സഹകരണ സംഘങ്ങള്‍ വഴി കൊടുക്കാനാണു സാധിച്ചത്. എല്ലാം കൊടുത്തു തീര്‍ത്തു. ഇതു മറ്റാര്‍ക്കാണു സാധിക്കുക.”

Top