രാഷ്ട്രീയ ലേഖകൻ
ആലപ്പുഴ: ബിജെപിക്കൊപ്പം നിന്നാൽ കേരളത്തിൽ സർക്കാരുണ്ടാക്കാനാവില്ലെന്നു ഉറപ്പാക്കിയ വെള്ളാപ്പള്ളി നടേശൻ കാലുമാറി ഇടതു മുന്നണിയുമായി രഹസ്യധാരണയുണ്ടാക്കുന്നതായി സൂചന. വെള്ളാപ്പള്ളിക്കെതിരായി സംസ്ഥാന സർക്കാർ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളെല്ലാം പിൻവലിക്കാമെന്ന സന്ദേശവുമായി സിപിഎമ്മിന്റെ ഒരു സംസ്ഥാന സമിതി അംഗവും, ഒരു വ്യവസായിയും എസഎൻഡിപി യോഗത്തിന്റെ ഒരു ഭാരവാഹിയുമാണ് ഇപ്പോൾ പിണറായിക്കും വെള്ളാപ്പള്ളിക്കുമിടയിൽ മധ്യസ്ഥനായി നിന്നിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വെള്ളാപ്പള്ളിയുടെ മകൻ തുഷാറിനെ കേന്ദ്രമന്ത്രിസഭയിൽ എടുക്കാം എന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളി നടേശനു നൽകിയിരുന്നു. ബിജെപി – എസ്എൻഡിപി സഖ്യത്തിന്റെ പരീക്ഷണ ശാലയായ പക്ഷായത്ത് തിരഞ്ഞെടുപ്പിലായിരുന്നു ആദ്യം മകനെ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനം വെള്ളാപ്പള്ളിക്കു ബിജെപി നേതൃത്വം നൽകിയത്. എന്നാൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വെള്ളാപ്പള്ളിയെയും മകനെയും ബിജെപി കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞു. ഇതേ തുടർന്നു ശക്തി തെളിയിക്കുന്നതിനായാണ് വെള്ളാപ്പള്ളി നടേശൻ കേരളത്തിലെമ്പാടും യാത്ര നടത്തിയതും ബിഡിജെഎസ് എന്ന പാർട്ടിയുണ്ടാക്കിയതും.
യാത്രയും പാർട്ടിയും രംഗത്ത് എത്തിയതോടെ വെള്ളാപ്പള്ളി നടേശനെ ഒപ്പം കൂട്ടാൻ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും തയ്യാറായി. ഒടുവിൽ മകനെ കേന്ദ്രമന്ത്രിയാക്കണമെന്ന നിർദേശം ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വെള്ളാപ്പള്ളി വച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്കു നേട്ടമുണ്ടായെങ്കിൽ മാത്രം കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനമാണ് എസ്എൻഡിപി യോഗത്തിനും വെള്ളാപ്പള്ളി നടേശനും ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. 30 സീറ്റിനു മുകളിൽ മാത്രം ബിജെപി ലഭിച്ചെങ്കിലാണ് കേരളത്തിലെ എസ്എൻഡിപി സഖ്യം വിജയിച്ചതായി കേന്ദ്ര നേതൃത്വം കണക്കു കൂട്ടുകയുള്ളൂ. അതുകൊണ്ടു തന്നെ 30 സീറ്റിനു മുകളിൽ വിജയിച്ചാൽ മാത്രമാണ് വെള്ളാപ്പള്ളിയുടെ മകനു കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുക.
ഇത് ഏറെ അപകടകരമായ സാഹചര്യമാണെന്നു തിരിച്ചറിഞ്ഞ വെള്ളാപ്പള്ളി നടേശൻ പാർട്ടി മാറ്റിപ്പിടിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നാലു സീറ്റിൽ വിജയിക്കുന്നതിനു വേണ്ട സഹായം ബിഡിജെഎസിനു സിപിഎം ചെയ്തു നൽകും. തിരികെ തൃപ്പൂണിത്തുറ അടക്കം എസ്എൻഡിപിയുടെ പത്തു ശക്തി കേന്ദ്രങ്ങളിൽ സിപിഎം സ്ഥാനാർഥികളെ വെള്ളാപ്പള്ളി പിൻതുണയ്ക്കണമെന്നാണ് ധാരണ. ധാരണ വിജയം കണ്ടാൽ തിരഞ്ഞെടുപ്പിനു ശേഷം ബിജെഡിഎസ് – സിപിഎം സഖ്യം രൂപപ്പെടും. വെള്ളാപ്പള്ളി നിർദേശിക്കുന്നവർക്കു മന്ത്രിസ്ഥാനവും വെള്ളാപ്പള്ളിക്കു കേസിൽ നിന്നുള്ള രക്ഷപെടലുമാണ് ധാരണ.