ആ ദിവസം ശ്രീദേവി വളരെ ക്ഷീണിതയായിരുന്നു; കടുത്ത പനിയുണ്ടായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ശ്രീദേവി ആരോഗ്യവതിയായിരുന്നുവെന്നാണ് മരണ ശേഷമുണ്ടായ വിവാദങ്ങള്‍ക്കിടെ ബന്ധുക്കളും മറ്റും പ്രതികരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന ആദ്യ വിവരം പുറത്തുവന്നപ്പോള്‍ കപൂര്‍ കുടുംബത്തില്‍പ്പെട്ടവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അവര്‍ക്ക് യാതൊരു ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തില്‍ സന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും കുടുംബം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹത്തില്‍ ശ്രീദേവി പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. എന്നാല്‍ ശ്രീദേവി അവസാന ദിനങ്ങളില്‍ ക്ഷീണിതയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുടുംബം പ്രചരിപ്പിച്ച പോലെ ശ്രീദേവി ആരോഗ്യവതിയായിരുന്നില്ലെന്ന സൂചനയാണ് സുഹൃത്തിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ശ്രീദേവി ദുബൈയിലേക്ക് പോകുന്ന ദിവസം അവര്‍ വളരെ ക്ഷീണിതയായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡി പറയുന്നു. ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്താണ് പിങ്കി റെഡ്ഡി. എട്ട് വയസ് മുതല്‍ പരിചയപ്പെട്ട ഇരുവരുടെയും ബന്ധത്തില്‍ യാതൊരു വിടവുമുണ്ടായിട്ടില്ല. വിവാഹത്തിന് യുഎഇയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പും ശ്രീദേവി പിങ്കിയെ വിളിച്ചിരുന്നു. തനിക്ക് സഹോദരിയെ ആണ് നഷ്ടമായിരിക്കുന്നതെന്ന് ശ്രീദേവിയെ കുറിച്ചുള്ള പ്രതികരണമായി അവര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകളെയും അവര്‍ വിമര്‍ശിച്ചു. ശ്രീദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അപൂര്‍വം ചില സഹൃത്തുക്കളില്‍ ഒരാളാണ് പിങ്കി റെഡ്ഡി. ഓരോ ഘട്ടത്തിലും ശ്രീദേവിയെ പ്രോല്‍സാഹിപ്പിച്ച് പിങ്കി കൂടെയുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടിയായി തുടങ്ങിയ അവര്‍ രാജ്യം മൊത്തം ആരാധകരുള്ള താരമായി മാറിയ കാലം നേരിട്ടറഞ്ഞ വ്യക്തിയാണ് താനെന്ന് പിങ്കി പറയുന്നു.  1989ല്‍ പുറത്തിറങ്ങിയ ചാന്ദ്‌നിയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. ശ്രീദേവിയെ എനിക്ക് നന്നായി അറിയാം. അവരുടെ കുടുംബത്തെയും. ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നത് അലോസരപ്പെടുത്തുന്നു. കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അവരുടെ മരണം എനിക്ക് ഷോക്കായിരുന്നു. ഞാന്‍ തളര്‍ന്നുപോയി. പിങ്കി റെഡ്ഡി പറയുന്നു. ബന്ധു മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി യുഎഇയിലേക്ക് പോയത്. റാസല്‍ഖൈമയില്‍ വച്ചായിരുന്നു വിവാഹം. പോകുന്ന ദിവസവും എന്നെ വിളിച്ചിരുന്നു. ആ ദിവസം കടുത്ത പനിയുണ്ടായിരുന്നു ശ്രീദേവിക്ക്. വളരെ ക്ഷീണിതയായിരുന്നു. എന്നെ വിളിച്ചപ്പോള്‍ ഇക്കാര്യം ശ്രീദേവി പറയുകയും ചെയ്തു. എങ്കിലും ദുബൈ യാത്ര ശ്രീദേവി മുടക്കിയില്ല. ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു ശ്രീദേവി. മരുന്നുകള്‍ കഴിച്ചാണ് ശ്രീദേവി വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലേക്ക് പോയത്. പിങ്കി റെഡ്ഡി പറഞ്ഞു.

Top