യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി…!! അകത്ത് കടന്നത് ഗേറ്റ് വെട്ടിമാറ്റിയ ശേഷം..!! അവസാനം സഹകരിച്ച് കതോലിക്ക ബാവ

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം പിറവം പള്ളിയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ പോലീസ് നടപടിയെ ആദ്യം ചെറുത്തുനിന്നു. തുടർന്ന് കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ധാരണയായത്. പ്രാര്‍ഥനാപൂര്‍വം അറസ്റ്റ് വരിക്കുകയാണെന്ന് യാക്കോബായ സഭാ മെത്രാന്‍മാര്‍ പറഞ്ഞു.

ഉച്ചക്ക് ഒന്നേമുക്കാലിന് നടപടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയിലാണ് ഹൈകോടതി കർശന നിർദേശം നൽകിയത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനും കോടതിക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍റ്​ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തി​​ന്‍റെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. രാവിലെയോടെ പൊലീസ് സംരക്ഷണത്തോടെയാണ് തോമസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്. എന്നാല്‍, പള്ളിയുടെ ഗേറ്റുകള്‍ അടച്ച്​ യാക്കോബായ വിഭാഗം പ്രതിരോധിക്കുകയായിരുന്നു.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായു​ടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ വൈദികരും നൂറുകണക്കിന് വിശ്വാസികളും രാവിലെ തന്നെ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് പൊലീസ്​ നിർദേശിച്ചതനുസരിച്ച്​ ഒരു ഗേറ്റ് തുറന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം അടഞ്ഞ ഗേറ്റിന് മുന്നിലേക്കാണ് എത്തിയത്. തുറന്ന വഴിയിലൂടെ എത്തണമെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടപ്പോൾ തങ്ങള്‍ പരമ്പരാഗത വഴിയിലൂടെയാണ് വന്നത് എന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെ മറുപടി. തുടര്‍ന്ന് പള്ളി ഗേറ്റിന് മുന്നില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സഹനപ്രാർഥന തുടങ്ങി.

അതിനിടെ, യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു. വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് രണ്ടുമാസത്തേക്ക് വിലക്ക്​.

Top