മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രതിഷേധത്തെ നിസ്സാരവത്കരിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഇടപാടാണ് രാജ്യസഭാ സീറ്റ് വില്‍പ്പന എന്ന ആരോപണം ശക്തമായി ഉയരവേയാണ് പ്രതിഷേധങ്ങളെ പുഛിച്ച് കുഞ്ഞാലിക്കുട്ടിയുടെ പുതിയ പ്രതികരണം.
കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം ചായപ്പോക്കയിലെ കൊടുങ്കാറ്റ് മാത്രമാണ്. ഈ കാറ്റ് കെട്ടടങ്ങുമെന്നും മുന്നണിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം. ‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നല്‍കേണ്ടത്. ബിജെപിക്കെതിരായ പോരാട്ടത്തിനാണ് ശ്രദ്ധ കൊടുക്കേണ്ടത്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ മുന്നണി വിട്ടേക്കുമെന്ന ഭീഷണിയും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട് വന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇത് ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സമ്മതത്തോടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായത്.