സോളാർ അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഡിജിപി എ.ഹേമചന്ദ്രൻ ശ്രമിച്ചു !.. അന്വേഷണസംഘം തെളിവുകള്‍ മൂടിവെച്ചുവെന്ന് പരാതി.ഉമ്മന്‍ചാണ്ടിയെ താന്‍ സരിതയോടൊപ്പം കണ്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശ്രമിച്ചുവെണ്ണ പരാതിയുമായി സോളാര്‍ കേസ് അന്വേഷണ സംഘത്തിനെതിരെ മല്ലേലില്‍ ശ്രീധരന്‍ നായര് രംഗത്ത് . പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ മൂടിവെച്ചു. ഉമ്മന്‍ചാണ്ടിയെ താന്‍ സരിതയോടൊപ്പം കണ്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ശ്രീധരന്‍ നായരുടെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ രണ്ട് തവണ തള്ളിയിരുന്നു. പരാതിയില്‍ തുടരന്വേഷണം വേണമെന്നും മല്ലേലില്‍ ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു

സോളാര്‍ കേസില്‍ സര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപി ഹേമചന്ദ്രന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് ആരോപണവുമായി ശ്രീധരന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്. സോളാര്‍ കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നാണ് അന്വേഷണസംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്‍ പറഞ്ഞത്. അതിന്റെ ഭവിഷ്യത്ത് നേരിടാന്‍ തയ്യാറാണെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി. മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ് ഹേമചന്ദ്രന്‍ രംഗത്തെത്തിയത്.

ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ തിങ്കളാഴ്ച വൈകിട്ടാണ് പ്രത്യേകദൂതന്‍ വഴി ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. അതിന്‍മേല്‍ തുടര്‍നടപടിക്ക് അദ്ദേഹം തയാറായില്ല. പൊലീസ് മേധാവിക്കുള്ള കത്ത് ലോക്‌നാഥ് ബെഹ്‌റയെ ഹേമചന്ദ്രന്‍ നേരിട്ടു കണ്ട് ഏല്‍പിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതിച്ചേര്‍ത്തു പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണു ശ്രമമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പൊലീസിലെ ചില ഉന്നതരും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു ഉന്നതന് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്നാണു കത്തില്‍ ഹേമചന്ദ്രന്‍ പറയുന്നത്. എഡിജിപി കെ.പദ്മകുമാര്‍, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംഘം രൂപീകരിക്കുന്നതിനു മുന്‍പു സരിതയെ അറസ്റ്റ് ചെയ്തതും തുടര്‍നടപടി സ്വീകരിച്ചതും ഹരികൃഷ്ണനായിരുന്നു.

ഹേമചന്ദ്രന്‍ നല്‍കിയ കത്തിലെ പ്രസക്തഭാഗങ്ങള്‍

‘അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു സംബന്ധിച്ച്’

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാം എന്നിവരും ഉള്‍പ്പെടുന്നു. 2013 ജൂണ്‍ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയില്‍ ഞാനാണ് ഈ നാലു പേരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.

സരിത നായരുടെ തട്ടിപ്പു കേസുകള്‍ എന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ഇവര്‍ കേസുകള്‍ അന്വേഷിച്ചതും ആറു മാസത്തിനകം പൂര്‍ത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികള്‍ മാത്രമാണ്. ഈ നിയമ തത്വം നിലനില്‍ക്കെ, സോളാര്‍ കമ്മീഷന്‍ എങ്ങനെ ഉദ്യോഗസ്ഥരില്‍ കുറ്റം കണ്ടെത്തിയെന്നു വ്യക്തമല്ല.

വീഴ്ച ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണ്. ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം.

Top