തെളിവെടുപ്പ്:മാധ്യമങ്ങളേയും പോലീസിനേയും വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍

എറണാകുളം: മാധ്യമങ്ങളേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍. ബിജുരാധാകൃഷ്ണന്റെ തെളിവെടുപ്പ് മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ആഘോഷമാക്കിയെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജ.സ്റ്റിസ്.ശിവരാജന്‍ കുറ്റപ്പെടുത്തി. അതീവ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ  അമിതാവേശം ദൗത്യം പരാജയപ്പെടുന്നതിനിടയാക്കിയെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ബിജുവിനെ ഹാജരാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും നേരത്തെ ഹാജരാക്കിയിരുന്നെങ്കില്‍ തെളിവെടുപ്പ് വേഗത്തിലാക്കാമായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണത്തിനു തെളിവു കണ്ടെത്താന്‍ ഇനി ബിജു രാധാകൃഷ്ണനു സഹായം നല്‍കില്ലെന്നു സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. ബിജു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നു ബാഗ് ലഭിച്ചെങ്കിലും അതില്‍ ദൃശ്യങ്ങളടങ്ങിയ സിഡിയോ പെന്‍ഡ്രൈവോ ഉണ്ടായിരുന്നില്ല. ഇനി വേണമെങ്കില്‍ ബിജുവിനു സ്വന്തം നിലയ്ക്കു തെളിവു ശേഖരിച്ചു ഹാജരാക്കാം. അതിനു കമ്മിഷന്‍ എതിരല്ലെന്നു ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ അപേക്ഷ കമ്മിഷന്‍ അംഗീകരിച്ചില്ല. തനിക്കു വേണ്ടി ഹാജരാകാന്‍ ബിജു അഭിഭാഷകനെ നിയോഗിച്ച സ്ഥിതിക്ക്, ക്രോസ് വിസ്താരത്തിന് അവകാശം അഭിഭാഷകനാണ്. ബിജുവിന്റെ സാന്നിധ്യത്തിലോ അല്ലാതെയോ അഭിഭാഷകന് ഇതു ചെയ്യാം. അതേസമയം, ബിജു രാധാകൃഷ്ണന്റെ ആരോപണത്തിനു തെളിവുതേടിയുള്ള കമ്മിഷന്റെ ദൗത്യം പരാജയപ്പെടുത്തിയതു ദൃശ്യമാധ്യമങ്ങളും പൊലീസും ചേര്‍ന്നാണെന്നു ജസ്റ്റിസ് ശിവരാജന്‍ ആരോപിച്ചു. മാധ്യമങ്ങളുടെയും പൊലീസിന്റെയും അമിതമായ ഇടപെടല്‍ ജനങ്ങളില്‍ മോശം പ്രതികരണമുണ്ടാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജു ചൂണ്ടിക്കാണിച്ച വീടിനകത്ത് ആദ്യഘട്ടത്തില്‍ കമ്മിഷന്‍ സംഘത്തിനു പ്രവേശിക്കാന്‍ കഴിയാതിരുന്നതും അതുകൊണ്ടാണ്. ബിജുവിന്റെ ആരോപണത്തിന് ആധാരമായ തെളിവുണ്ടെങ്കില്‍ അതു പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനു വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ റോഷന്‍ ഡി. അലക്സാണ്ടര്‍ ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ സഹായമുണ്ടെങ്കില്‍ തെളിവു ഹാജരാക്കാമെന്നു ബിജുവും പറഞ്ഞു. കമ്മിഷനിലെ കക്ഷികളും അനുകൂലിച്ചതോടെയാണു കമ്മിഷന്‍ അത്തരമൊരു നീക്കത്തിനു മുതിര്‍ന്നത്. അപ്പോള്‍ ആരും നിയമതടസ്സം ഉന്നയിച്ചിരുന്നില്ല. ഇപ്പോള്‍ ചില ഭാഗത്തുനിന്നു കുറ്റപ്പെടുത്തല്‍ ഉയരുന്നുണ്ട്. ബിജു ഹാജരാക്കാമെന്നു പറഞ്ഞിരുന്ന തെളിവ് രഹസ്യമായി ശേഖരിക്കാനാണ് കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. തെളിവുമായി എത്താമെന്നു ബിജു പറഞ്ഞിരുന്നതു വ്യാഴാഴ്ചയാണ്. അന്നു രാവിലെ ഒന്‍പതിനു ബിജുവിനെ ഹാജരാക്കണമെന്നു പൂജപ്പുര ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിരുന്നു.

തെളിവ് രഹസ്യമായി ശേഖരിക്കാനായിരുന്നു ഇത്. എന്നാല്‍ 10.45 നാണു ബിജുവിനെ കമ്മിഷന്‍ ഓഫിസില്‍ എത്തിച്ചത്. പത്തു മണിക്കൂര്‍ യാത്ര കൊണ്ട് തെളിവു ലഭിക്കുമെന്നു ബിജു പറഞ്ഞപ്പോള്‍ അതിനു ശ്രമിക്കുകയെന്നതു കമ്മിഷന്റെ കടമയായിരുന്നു. ആളും ബഹളവുമില്ലാതെ സാവകാശത്തില്‍ പരിശോധിക്കാനായിരുന്നു അഡ്വ. സി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ സെന്‍സേഷനലിസത്തിന്റെ പേരില്‍ ഈ യാത്ര ആഘോഷമാക്കി.

പാലക്കാട്ടുനിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു ജീപ്പ് പൊലീസും കോയമ്പത്തൂര്‍ പൊലീസും ചേര്‍ന്നപ്പോള്‍ ദൗത്യം പാളി. താന്‍ പറഞ്ഞതു സത്യമാണെന്നും കമ്മിഷനെ കബളിപ്പിച്ചതല്ലെന്നും ബിജു വാദിച്ചു. ഒരു ചെറിയ ബാഗിലാണു പെന്‍ഡ്രൈവ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്നത്. ആ ബാഗ് അടക്കമാണു കാണാതായതെന്നു ബിജു പറഞ്ഞു.

 

അതേസമയം ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. സി.ഡി അടങ്ങിയ ബാഗ് ശെല്‍വിയെ ഏല്‍പ്പിച്ചത് രണ്ടര വര്‍ഷം മുമ്പാണ്. കള്ളനും കൊലപാതകിയുമാണെങ്കില്‍ മുഖ്യമന്ത്രി തന്നെ കണ്ടത് എന്തിനാണെന്നും ബിജു ചോദിച്ചു. തനിക്കും ആരോപണവിധേയരായവര്‍ക്കും നുണ പരിശോധന നടത്തണം. കമ്മീഷന് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു. എന്നാല്‍ വീണ്ടും ഒരു അവസരം കൂടി നല്‍കേണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം.

രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ സി.ഡി.കൊണ്ടുവരികയാണെങ്കില്‍ പരിഗണിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക ഉത്തരവ് നല്‍കേണ്ടെന്നാണ് സോളാര്‍ കമ്മീഷന്റെ തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു. സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുന്ന സരിതയോട് നേരിട്ട് ചോദ്യം ഉന്നയിക്കാന്‍ അനുമതി നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. ബിജു രാധാകൃഷ്ണന്റെ ഈ അപേക്ഷയും കമ്മീഷന്‍ പരിഗണിച്ചില്ല.

 

Top