വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ യുവതികള്‍ക്ക് ജാഗ്രത വേണം .വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം പ്രലോഭനമല്ല

മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ യുവതികള്‍ക്ക് ജാഗ്രത വേണമെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം പ്രലോഭനമല്ല എന്നും കോടതി .വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചൂ എന്നത് പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി.പെണ്‍കുട്ടികളെ പ്രലോഭിപിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ഇരുപത്തിയൊന്നുകാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് മൃദുല ഭട്കറാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത
വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ യുവതികള്‍ തയാറായാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

 

ഒരു പുരുഷനെ പ്രണയിക്കുന്ന പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.ലോകം മാറി വരികയാണെന്നും ഇക്കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും കോടതി പറഞ്ഞു. തലമുറകളായി വിവാഹസമയത്തു പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന് ഒരു സങ്കല്‍പമുണ്ടായിരുന്നു. ഇന്ന് പുതിയ തലമുറ പുതിയ ലോകങ്ങളിലേക്കു കൂടുതല്‍ അടുത്തു. ലൈംഗികകാര്യങ്ങളില്‍ കൂടുതല്‍ തുറന്ന സമീപമുണ്ടായി. സമൂഹം കൂടുതല്‍ സ്വതന്ത്രമായി. ചില സാഹചര്യങ്ങളില്‍ മാത്രം ലൈംഗിക ബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചത്.

”സമൂഹം ഒരുപാട് മാറിയെങ്കിലും, സദാചാരമെന്ന ഭാരം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തലമുറകള്‍ എത്ര കടന്നുപോയിട്ടും, വിവാഹം കഴിയുമ്പോള്‍ പെണ്‍കുട്ടി കന്യകയായിരിക്കുക എന്നത് ഇന്നും അവളുടെ ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്. എന്നാല്‍ പുതിയ തലമുറയില്‍ ആണ്‍-പെണ്‍ സൗഹൃദങ്ങളില്‍ ലൈംഗിക ജീവിതം നയിക്കുന്നവര്‍വരെയുണ്ട്. സമൂഹം എത്ര സ്വാതന്ത്ര്യം നേടിയെന്ന് പറഞ്ഞാലും വിവിധ തരത്തിലുള്ള ധാര്‍മികതയും സദാചാരവും ഇന്നും ബാധ്യതയായി നിലനില്‍ക്കുന്നു. വിവാഹപൂര്‍വ ലൈംഗികബന്ധം ഇന്നും സമൂഹം ഒരു മോശം കാര്യമായിതന്നെയാണ് കരുതുന്നത്. പ്രണയത്തിലാകുന്ന ഒരു പെണ്‍കുട്ടി, തന്റെ പങ്കാളിയുമായി വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടണോ വേണ്ടയോ എന്നതില്‍ സ്വയം തീരുമാനമെടുക്കുന്നു. പക്ഷേ ഭാവിയില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ വിസമ്മതിക്കുന്നു” -കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.

”പലപ്പോഴും പ്രണയബന്ധങ്ങള്‍ തകര്‍ന്നശേഷം കേസ് നല്‍കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. എന്നാല്‍ പരാതിക്കാരിയുടേയും ആരോപണവിധേയരുടെയും ജീവിതവും സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്വമുണ്ട്. യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നതും വിദ്യാസമ്പന്നയായിരുന്നുവെന്നതും വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുള്ള പക്വതയുള്ള വ്യക്തിയാണ് അവളെന്നതിന് തെളിവാണെ”ന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസില്‍ ആരോപണവിധേയനായ യുവാവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകുയും ചെയ്തു.

Top