സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് ! ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സാക്ഷി വിസ്താരത്തിനു വിധേയനാക്കും. ഇത് വ്യക്തമാക്കി കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റ് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് കമീഷനെ അറിയിക്കാനാകും.

അതേസമയം, കേസില്‍ ഇന്ന് ഹാജരാകേണ്ടിയിരുന്ന സരിത എസ്.നായര്‍ കമീഷനു മുമ്പാകെയത്തെിയില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി ആലപ്പുഴ രാമങ്കരിയില്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തേണ്ടതിനാലാണ് സരിത ഹാജരാകാത്തതെന്ന് അവരുടെ അഭിഭാഷകന്‍ സി.ഡി ജോണി കമീഷനെ അറിയിക്കുകയായിരുന്നു. ജയിലില്‍ വെച്ചെഴുതിയതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ച കത്തിന്‍െറ അസല്‍ ഇന്ന് ഹാജരാക്കണമെന്ന് കമീഷന്‍ സരിതയോട് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമീഷനു മുമ്പാകെ ഹാജരാകാതിരിക്കാന്‍ സരിതക്കു മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ നിരീക്ഷിച്ചു. കമീഷന് മുമ്പാകെ എല്ലാം പറയുമെന്ന് അഭിപ്രായപ്പെട്ടവരില്‍ ചിലര്‍ ഇനിയും മൊഴി നല്‍കിയിട്ടില്ല. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെ പലരും ഒരു ദിവസം മൊഴി നല്‍കിയശേഷം പിന്നീട് പല കാരണങ്ങളാല്‍ ഹാജരായിട്ടില്ല. കമീഷനു മുമ്പാകെ ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ സരിതയില്‍ നിന്നും ഇനിയും തെളിവെടുക്കുന്ന കാര്യം പരിശോധിക്കണം.

ഇക്കാര്യത്തില്‍ അഭിഭാഷകരുടെ അഭിപ്രായവും അദ്ദേഹം ആരാഞ്ഞു. തുടര്‍ന്ന് ഇതുവരെയുള്ള കമീഷന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍െറ കാലാവധി കഴിയുന്ന ഏപ്രില്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കമീഷന്‍ പറഞ്ഞു.

അതേസമയം, കമീഷനു മുമ്പാകെ തെളിവുകള്‍ എത്തുന്നതില്‍ തടസം സൃഷ്ടിക്കുന്നതായി കേസില്‍ കക്ഷിയായ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. സര്‍ക്കാറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവുകള്‍ എത്തിക്കാതെ കമീഷന്‍ പ്രവര്‍ത്തനങ്ങളെ അപ്പാടെ തകിടം മറിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരക്കിട്ട് കമീഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയല്ല, ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ബി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ഇന്നു കമ്മീഷനില്‍ ഹാജരാകുവാന്‍ സരിത എസ് നായരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകില്ലെന്ന് സരിത അറിയിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ടുളള വിവാദകത്ത് കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് തയ്യാറല്ലെന്നാണ് സരിതയുടെ നിലപാട്‌

Top