ഒത്തുതീർപ്പ് പാർട്ടികൾ തമ്മിലല്ല, നേതാക്കൾ തമ്മിൽ: ബൽറാം.

 കൊച്ചി:  സോളാർ വിവാദം കോൺഗ്രസിൽ കത്തിപ്പടരുമ്പോൾ നേതാക്കൾ പല തട്ടിലായിരിക്കയാണ്. സോളാർ വിഷയം ചർച്ച ചെയ്യാൻ ഹൈക്കമാണ്ട് കേരള നേതാക്കളെ കാണുകയും ചെയ്തു.അതേസമയം ടി.  പി. ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി സോളർ കേസിനെ കണക്കാക്കിയാൽ മതിയെന്ന’ വി.ടി.ബൽറാമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ വിവാദമായതിനെക്കുറിച്ച് പ്രതികരണവുമായി ബൽറാം രംഗത്ത് . പോസ്റ്റിനെക്കുറിച്ചും അങ്ങനെ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ചും ബൽറാം മനോരമ ഓൺലൈനിന്നും നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി .

സോഷ്യൽ മീഡിയയിലൂടെ ഇൗ രീതിയിൽ പ്രതികരിക്കാനുള്ള സാഹചര്യം എന്തായിരുന്നു?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ കേസിലെ മുഖ്യ തട്ടിപ്പുകാരിയായ വനിതയുടെ കത്തിൽ ചില കോൺഗ്രസ് നേതാക്കളുടെ പേരുകൾ പരാമർശിച്ചതിന്റെ പേരിലാണ് മാനഭംഗത്തിനു കേസെടുത്തിരിക്കുന്നത്. യഥാർഥത്തിൽ അത് സോളർ കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെട്ട കാര്യം പോലുമല്ല. അഴിമതിക്കാര്യത്തിൽ വിജിലൻസ്‌ അന്വേഷണം നടത്തുന്ന പോലെയല്ല, ഇങ്ങനെ പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമല്ലാത്ത ഒരു വ്യക്തിയുടെ കത്തിന്റെ പേരിൽ ക്രിമിനൽ കേസ്‌ എടുക്കുന്നത്‌. ആ കത്തിനേക്കുറിച്ചും അതിലെ പേരുകളേക്കുറിച്ചുമൊക്കെ അവർ തന്നെ പലയാവർത്തി മാറ്റിപ്പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും അതിനെ മാത്രം അടിസ്ഥാനമാക്കി ക്രിമിനൽ കേസെടുക്കുന്നത്‌ പിണറായി വിജയന്റേയും സിപിഎമ്മിന്റേയും രാഷ്ട്രീയ പകപോക്കൽ മാത്രമാണ്‌.vt 1

അങ്ങനെയാണെങ്കിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പിണറായി വിജയന് പങ്കുണ്ടെന്നു ടി.പിയുടെ ഭാര്യയും മകനും അമ്മയും പലയിടങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, മൊഴി നൽകിയിട്ടുണ്ട്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കം ഈ ഗൂഢാലോചനയേക്കുറിച്ച്‌ പലവട്ടം പറഞ്ഞിരുന്നു. ഇപ്പോഴത്തെ മാതൃക സ്വീകരിച്ചിരുന്നെങ്കിൽ പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാരിന് കേസെടുക്കാമായിരുന്നു. എന്നാൽ, അന്ന് അങ്ങനെ ചെയ്തിട്ടില്ല. പിണറായിയെ അന്വേഷണ സംഘം പ്രതിചേർക്കുകയോ മൊഴികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായോ നമുക്കറിയില്ല. ഇത്‌ ഒരു ഉദാസീന സമീപനമാണോ എന്ന സംശയം എല്ലാവരുടേയും മനസ്സിലുണ്ട്‌. ഇത്തരം കാര്യങ്ങളാണ് പോസ്റ്റിലൂടെ പറയാൻ ശ്രമിച്ചത്. യുഡിഎഫ് നേതൃത്വം അന്നു രാഷ്ട്രീയ വേട്ടയാടലിന്‌ ഈ വിഷയം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെ. എന്നാൽ, അങ്ങനെയുള്ള ഒരു രാഷ്ട്രീയ സൗമനസ്യത്തിനും സിപിഎം നേതാക്കൾ അർഹരല്ലെന്ന് ഇനിയെങ്കിലും കോൺഗ്രസ്‌ നേതാക്കൾ

മനസിലാക്കണമെന്നും അതിനനുസരിച്ച്‌ ഇപ്പോഴത്തെ അഴിമതിക്കാരായ മന്ത്രിമാർക്കെതിരെയുള്ള നിലപാടുകൾ ശക്തിപ്പെടുത്തണമെന്നുമാണ്‌ പറഞ്ഞത്.

∙ സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ പറയുന്നത് ടിപി വധത്തിനുപിന്നിലെ ഗൂഢാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളർ കേസിനെ കണക്കാക്കിയാൽ മതിയെന്നാണ്? അങ്ങനെ ഒരു ഒത്തുതീർപ്പ് ആ സമയത്ത് ഉണ്ടായിരുന്നോ?

ഇടയ്ക്കുവച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയോ ഇല്ലയോ എന്നതിലല്ല എന്റെ ഫോക്കസ്‌. ഗൂഢാലോചനക്കേസ്‌ വേണ്ട വിധത്തിൽ അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന ബന്ധപ്പെട്ടവരുടെ സംശയം ഞാനാവർത്തിക്കുക മാത്രമാണ്‌ ചെയ്തത്‌. ടി.പി. കേസിൽ പിണറായിക്കെതിരെ മൊഴിയുണ്ടായിരുന്നു. കേസെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ആ രീതിയിൽ അന്വേഷണം മുന്നോട്ടു പോകാത്തതിനെക്കുറിച്ചാണ് പറഞ്ഞത്. ഒത്തുതീർപ്പെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഗൂഢാലോചനക്കാര്യം സിബിഐ അന്വേഷിച്ച്‌ സത്യം പൂർണ്ണമായി പുറത്തുകൊണ്ടുവരണമെന്നാണ്‌ എന്റെ നിലപാട്‌.

∙ സിപിഎം നേതാക്കൾക്കെതിരെ ആരോപണമുണ്ടായിട്ടും കേസെടുക്കാതിരുന്നത് അന്നത്തെ ഭരണ നേതൃത്വമല്ലേ? അവർക്കല്ലേ ഉത്തരവാദിത്തം?

ആകണമെന്നില്ല. ഉദ്യോഗസ്ഥൻമാരുടെ ഭാഗത്തുനിന്നുണ്ടായ കാര്യങ്ങളുമാകാം. ഭരണനേതൃത്വം അന്വേഷണത്തിൽ ഇടപെടാത്തതു കൊണ്ടുമാകാം. എന്നാൽ ഇന്ന് സിപിഎം സ്വീകരിക്കുന്ന മാതൃക അനുസരിച്ചാണെങ്കിൽ അന്ന് അങ്ങോട്ടും ചെയ്യാമായിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കുനേരെ നിയമനടപടിക്ക് അനുകൂല സാഹചര്യമുണ്ടായിട്ടും അന്ന് അതുണ്ടായില്ലെന്ന കാര്യമാണ് പുതിയ സാഹചര്യത്തിൽ പറയാൻ ശ്രമിച്ചത്.

∙ കേസെടുക്കാനുള്ള അനുകൂല സാഹചര്യമുണ്ടെങ്കിൽ അന്നു‌തന്നെ അതു ചെയ്യേണ്ടതല്ലേ?
ഞാൻ പറഞ്ഞല്ലോ, ടി.പി. കേസിനെക്കുറിച്ചല്ല സോഷ്യൽ മീഡിയയിലെ എന്റെ പോസ്റ്റ്. എൽഡിഎഫ് സർക്കാരിനെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടും ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന അഭിപ്രായം പ്രവർത്തകർക്കിടയിലുണ്ട്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ എത്ര വാർത്തകളാണ് പുറത്തുവന്നത്. മാധ്യമങ്ങൾ വാർത്ത നൽകികൊണ്ടിരിക്കുന്നു. ജില്ലാ കലക്റ്ററുടെ റിപ്പോർട്ടിൽ മന്ത്രിയുടെ നിരവധി നിയമലംഘനങ്ങളേക്കുറിച്ച്‌ പറയുന്നു. എന്നാൽ, കോൺഗ്രസ് പാർട്ടിയിലെ ഉന്നതരായ പലരും ഇതിനെതിരെ വേണ്ടത്ര ശക്തിയായി പ്രതികരിക്കുന്നില്ല. പ്രതിപക്ഷനേതാവ് പ്രതികരിക്കുന്നുണ്ട്‌. ആലപ്പുഴ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയും യൂത്ത്‌ കോൺഗ്രസും സമരം ചെയ്യുന്നുണ്ട്‌. എന്നാൽ, സംസ്ഥാന വ്യാപകമായി ഈ വിഷയത്തിൽ ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി കോൺഗ്രസ്‌ പ്രവർത്തകർക്കും അനുഭാവികൾക്കും ഉണ്ട്‌. അതാണ്‌ ഞാൻ പങ്കുവെക്കാൻ ശ്രമിച്ചത്‌.
∙ ടി.പി. കേസിനെ സംബന്ധിച്ച അഭിപ്രായം പാർട്ടി കമ്മറ്റികളിൽ നേരത്തെ ഉന്നയിച്ചിരുന്നോ?

അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടില്ല. ഞാൻ പറഞ്ഞില്ലേ ഇത് ടി.പി. കേസിനെ സംബന്ധിച്ച പോസ്റ്റല്ല, സിപിഎം സർക്കാരിനോട്‌ സ്വീകരിക്കേണ്ട സമീപനത്തേക്കുറിച്ചുള്ള ഒരു പൊതുവികാരമാണ് പങ്കുവച്ചത്.
∙ എൽഡിഎഫിന്റെ വീഴ്ചകൾക്കെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കുന്നില്ലെന്നു പറഞ്ഞു. പ്രതിപക്ഷം പരാജയമാണോ?

അങ്ങനെ അർഥമാക്കേണ്ടതില്ല. പ്രതിപക്ഷ നേതാവ് നിയമസഭയിലും പുറത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നയാളാണ്. എന്നാൽ, ചില കാര്യങ്ങളിൽ മാറ്റം വേണമെന്നും തിരുത്തലുകൾ വേണമെന്നുമാണ് ചൂണ്ടിക്കാട്ടിയത്.

പിന്നെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്ന വാക്ക്. അതിനേയും എപ്പോഴും തെറ്റായി കാണേണ്ടതില്ല. ഉദാഹരണത്തിന്‌ ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് സിപിഎം കേന്ദ്രനേതൃത്വം പറയുന്നത്. അത് രാഷ്ട്രീയത്തിലെ സഹകരണമാണ്. ചില പൊതുനിലപാടുകളുടെ പങ്കുവയ്ക്കലാണ്‌. എന്നാൽ, വ്യക്തി താത്പര്യങ്ങൾക്കും മറ്റും വേണ്ടിയുള്ള അനഭിലഷണീയമായ പ്രവണതകൾ എതിർക്കപ്പെടേണ്ടതാണ്‌. യഥാർത്ഥത്തിൽ അഡ്ജസ്റ്റ്‌മന്റ്‌ നടക്കുന്നത്‌ പാർട്ടികൾ തമ്മിലല്ല, എല്ലാ പാർട്ടികളിലേയും ചില നേതാക്കൾ തമ്മിലാണ്‌.

യഥാർത്ഥത്തിൽ ഇപ്പോൾ അഡ്‌ജസ്റ്റ്‌മന്റ്‌ രാഷ്ട്രീയം നടത്തുന്നത്‌ പിണറായി വിജയനും ബിജെപിയുമാണ്‌. ദേശീയതലത്തിൽ മോദി സർക്കാരിനെതിരെ അമിത്‌ ഷായുടെ മകന്റെ അഴിമതിക്കെതിരെയുമൊക്കെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ശക്തമായ മുന്നേറ്റം നടത്തുന്നതിനെ ദുർബലപ്പെടുത്താനുള്ള ഒരു ആയുധമാണ്‌ പിണറായി വിജയൻ ബിജെപിക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌. ബിജെപി നേതാക്കൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെങ്കിലും അതിലൊക്കെ പിണറായി സർക്കാർ മെല്ലെപ്പോക്ക്‌ നടത്തുകയാണ്‌. പകരമായി ലാവലിൻ കേസിൽ അപ്പീൽ പോലും പോകാതെയും ടിപി കേസിൽ ഗൂഢാലോചനക്കേസ്‌ സിബിഐയേക്കൊണ്ട്‌ അന്വേഷിപ്പിക്കാതെയും ബിജെപി പ്രത്യുപകാരം ചെയ്യുന്നതാണ്‌ കാണുന്നത്‌.

∙ സോഷ്യൽ മീഡിയയിലെ പ്രതികരണത്തിന്റെ പേരിൽ കേസെടുക്കണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറയുന്നത്?

കേസെടുക്കട്ടെ. കുമ്മനം രാജശേഖരൻ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ പാർപ്പിച്ചിരിക്കുന്ന അതേ ജയിലിൽ തന്നെ എന്നെയും അടയ്ക്കട്ടെ.

Top