മുഖ്യമന്ത്രിക്കിട്ട് ചെണ്ട കൊട്ടി ബൽറാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. രംഗത്ത് . ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. വഴിയിൽ കെട്ടിയ ചെണ്ടയല്ല മുഖ്യമന്ത്രിയും ഇടതു സർക്കാരുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കു ഉരുളക്ക് ഉപ്പേരി പോലെയാണ് മറുപടി .ഇക്കഴിഞ്ഞ തൃശൂർ പൂരത്തിൽ ഇലഞ്ഞിത്തറ മേളം നയിച്ച പെരുവനം കുട്ടൻമാരാരെ പിണറായി അനുമോദിക്കുന്ന ചിത്രമാണു ബൽറാം പങ്കുവച്ചത്.ചിത്രത്തിലെ ചെണ്ടയെയും മുഖ്യമന്ത്രി പിണറായിയെയും കൂട്ടിച്ചേർത്ത് ഒട്ടേറെ കമന്റുകൾ വരുന്നുണ്ട്. ചില കമന്റുകൾക്കു ബൽറാം മറുപടിയും നൽകുന്നുണ്ട്. പോസ്റ്റ് ചെയ്ത് അരമണിക്കൂറിനകം ആയിരത്തിലേറെ ലൈക്കുകളും ചിത്രത്തിനു ലഭിച്ചു. ഒട്ടേറെ ട്രോളുകളും കമന്റുകളായെത്തുന്നു.

കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ ‘ചെണ്ട’ പരാമർശം. ‘കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസിൽ എസ്ഐയ്ക്കു പറ്റിയതു ഗുരുതര വീഴ്ചയാണ്. പക്ഷേ സംഭവം രാഷ്ട്രീയവൽക്കരിക്കാനാണു ശ്രമം. ചാനൽ ലേഖകനോ ലേഖികയ്ക്കോ വിരോധം തീർക്കാൻ വഴിയിൽ കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതു സർക്കാരും. അങ്ങനെ ഭയപ്പെട്ടു പോകുകയുമില്ല’–എന്നായിരുന്നു പിണറായിയുടെ പ്രസംഗം.

‘ജനങ്ങളുടെ വിധിയെഴുത്തിലൂടെ അധികാരത്തിൽ വന്നവരാണ് ഞങ്ങൾ. ന്യായമാണെന്നു ജനങ്ങൾക്കു ബോധ്യമാകുന്ന വിമർശനങ്ങളെ ഉൾക്കൊള്ളും. ന്യായമാണെന്നു തോന്നണം. തെറ്റായ ഒരു കാര്യത്തിൽ തെറ്റായ നടപടി സ്വീകരിച്ചയാളെ വെള്ളപൂശി പകരം മുഖ്യമന്ത്രിക്ക് എന്തോ ഉത്തരവാദിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം. നിങ്ങളീ പറഞ്ഞ കാര്യങ്ങൾക്കൊന്നും മറുപടി പറയാൻ അറിയാത്ത ആളല്ല ഞാൻ. എത്രയോ തവണ നമ്മൾ തമ്മിൽ മറുപടി പറഞ്ഞിട്ടുള്ളതുമാണ്. അതൊന്നും ഇപ്പോഴും കൈമോശം വന്നുപോയിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തെക്കരുതി ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല’ – മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.തൃശൂര്‍ പൂരത്തില്‍ ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ പെരുവനം കുട്ടന്‍മാരാരെ പിണറായി വിജയന്‍ അനുമോദിക്കുന്ന ചിത്രമെടുത്താണ് ബല്‍റാം പോസ്റ്റ് ചെയ്തത്. ചിത്രത്തിനു താഴെ പിണറായിയേയും ചെണ്ടയേയും ചേര്‍ത്തുകൊണ്ട് കമന്റുകള്‍ വന്നു നിറയുന്നുമുണ്ട്.

Top