സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവം: സുധീരൻ മാപ്പ് പറയണമെന്ന് പിണറായി

കോഴിക്കോട്: വനിതാ സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും ശ്രമിച്ച കെ.പി.സി.സി അധ്യക്ഷൻ മാപ്പ് പറയണമെന്ന് പി.ബി അംഗം പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്.

പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ആക്രമിച്ചെന്നും അവരുടെ മുടി മുറിച്ചെന്നും അതിനു പാര്‍ട്ടി മറുപടി പറയണമെന്നുമൊക്കെയായിരുന്നു സുധീരന്റെ ആവശ്യം. ഇത്തരത്തില്‍ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും ചെയ്ത സുധീരന്‍ നിരുപാധികം മാപ്പു പറയാന്‍ തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

‘പെരുങ്കടവിള ബ്‌ളോക്ക് പഞ്ചായത്തിലെ കൊല്ലായില്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതികുമാരിയുടെ മുടിമുറിക്കല്‍ കഥ കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു എന്ന വാര്‍ത്ത സുധീരന്‍ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സതികുമാരി സ്വയം മുടിമുറിച്ചതാണെന്ന് പൊലീസ് കണ്ടെത്തി എന്നാണ് വാര്‍ത്ത. മുടിമുറിക്കല്‍ ദേശീയവിഷയമാക്കി , സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും കെ.പി.സി.സി പ്രസിഡന്റ് അമിതമായ ആവേശത്തോടെയാണ് ശ്രമിച്ചത്. സ്വന്തം പാര്‍ട്ടിക്കാര്‍ തോല്‍പിച്ച സങ്കടത്തില്‍ വയനാട്ടില്‍ ആത്മഹത്യചെയ്ത ‘ കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സുധീരന്‍, സതികുമാരിയുടെ അടുക്കലേക്ക് പാഞ്ഞെത്തി. അവര്‍ക്ക് കെ.പി.സി.സി സാമ്പത്തികസഹായവും നല്‍കി. കോണ്‍ഗ്രസിന്റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്‌കാരികനായകര്‍ പ്രസ്താവനയും ഇറക്കി. ഇത്തരം കഥകളിലൂടെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പഴയ കോണ്‍ഗ്രസ് മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ സുധീരന് കഴിയാത്തത് ഖേദകരമാണ്.’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വീട്ടമ്മയുടെ മുടി അക്രമികള്‍ മുറിച്ചെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വീട്ടമ്മക്കെതിരായ തെളിവുകള്‍ ഉള്ളത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ഇവര്‍ക്ക് എതിരായിരുന്നു. അമരവിളയില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തന്നെ തടഞ്ഞുനിര്‍ത്തിയെന്നും അടിച്ചു വീഴ്ത്തിയ ശേഷം മുടി മുറിച്ച് മാറ്റുകയായിരുന്നെന്നുമായിരുന്നു പരാതി. ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിപ്പോയതായും സതികുമാരി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സതികുമാരി തോറ്റിരുന്നു. എതിര്‍ പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ സംഭവസമയത്ത് അത്തരത്തിലുള്ള ഒരു വാഹനവും പ്രദേശത്ത് കൂടി കടന്നുപോകുന്നത് ആരും കണ്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതുമാത്രമല്ല മുറിച്ച മുടി തന്റെ കൈയില്‍ തന്നാണ് അക്രമികള്‍ പോയതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അത്തരത്തില്‍ സംഭവിക്കാനുള്ള സാധ്യതയും കുറവാണെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തുനിന്നും ഒരുതുമ്പ് മുടിപോലും ലഭിച്ചിരുന്നില്ല. സംഭവത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കുന്ന ഒരാള്‍ പ്രസ്തുത ദിവസം ആ പ്രദേശത്ത് പോലും ഇല്ലായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണ് പറയുന്നത്.

Top