പ്രധാനമന്ത്രിയുടെ ആഗ്രഹം നടത്തിക്കൊടുത്തില്ലെന്ന് വേണ്ടാ..വന്ന് ഉദ്ഘാടനം ചെയ്യട്ടേയെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രദാനമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അത് സന്തോഷത്തോടെ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മോദി എത്തുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

വികസന കാര്യങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നു പറഞ്ഞ മന്ത്രി ബൈപ്പാസ് ഉദ്ഘാടനത്തെക്കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നടത്തിയ പരാമര്‍ശങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു. പ്രേമചന്ദ്രന്‍, വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബൈപ്പാസ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്നും അതിന്റെ തീയതി ഈ മാസം 15 ആണെന്നും പ്രമേചന്ദ്രന്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

നേരത്തെ, ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി അതിന് കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. മറ്റ് മന്ത്രിമാരും ഇക്കാര്യത്തില്‍ ആധികാരികമായി പ്രതികരണം നടത്തിയിരുന്നില്ല.

Latest
Widgets Magazine