ബിഹാര്‍ തെരഞ്ഞെടുപ്പ് : ബിജെപിയില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ശക്തം

ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെ ബിജെപിയില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ശക്തം. ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധമുയരുന്നത്.
ബിഹാറില്‍ അമിത് ഷാ രൂപം കൊടുത്ത തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രത്തിനെതിരെ എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹയും ചന്ദന്‍ മിത്രയും നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്നു. അതേസമയം ക്രിമിനലുകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയതിനെയാണ് ആര്‍കെ സിംഗ് തുറന്നെതിര്‍ക്കുന്നത്. ബിജെപിയുടെ പ്രചരണതന്ത്രങ്ങള്‍ അപ്പാടെ ജനങ്ങള്‍ തള്ളിക്കളയുന്ന ഫലമാണ് ഇന്നലെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശത്രുഘ്‌നന്‍ സിന്‍ഹയും അമിത് ഷായും നേരത്തെ തന്നെ സ്വരച്ചേര്‍ച്ചയിലല്ല. ട്വിറ്ററിലൂടെയും അദ്ദേഹം നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. വിജയം കൊയ്യുമ്പോള്‍ അത് സ്വന്തം നേട്ടമാണെന്ന് അവകാശപ്പെടുന്ന നേതാവിന് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആര്‍ജവവും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേന ഇന്നലെത്തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാര്‍ ഹീറോ ആണെന്നും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് പരാജയമെന്നുമായിരുന്നു ശിവസേനയുടെ പ്രസ്താവന.
ദില്ലിക്ക് പിന്നാലെ ബിഹാറിലും കനത്ത പരാജയമേറ്റതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും പാര്‍ട്ടിയില്‍ ശബ്ദമുയരുന്നുണ്ട്.

Top