ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തോല്‍വിയാണ് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ പികെ ബിജു ഏറ്റുവാങ്ങിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് പോലും കരുതിയിരുന്നില്ല. ഇപ്പോള്‍ പികെ ബിജുവിന്റെ പരാജയത്തിന് ആക്കം കൂട്ടുന്ന ചില കണക്കുകള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.
സി.പി.എം. ഭരിക്കുന്ന നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആനമട ബൂത്തില്‍ പി.കെ. ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല എന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര റിപ്പോര്‍ട്ട് തേടി. ജില്ലാ സെക്രട്ടേറിയറ്റുവഴിയാണ് നെല്ലിയാമ്പതി ലോക്കല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.
ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെട്ട 138-ാം നമ്പര്‍ ആനമട ബൂത്തിലാണ് പി.കെ. ബിജുവിന് പൂജ്യം വോട്ട് ലഭിച്ചത്. 92 വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ 34 പേരാണ് വോട്ട് ചെയ്യാനെത്തിയത്. ഇതില്‍ 32 വോട്ടും യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് കിട്ടി. രണ്ട് വോട്ട് സ്വതന്ത്രസ്ഥാനാര്‍ഥിയായ കൃഷ്ണന്‍കുട്ടി കുനിശ്ശേരിക്കാണ് ലഭിച്ചത്.
ആലത്തൂരില്‍ പി.കെ. ബിജുവിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു.
രണ്ടുതവണ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പാര്‍ട്ടി അംഗങ്ങളില്ലാത്ത ബൂത്താണിതെന്നുമാണ് പാര്‍ട്ടി പ്രാദേശികനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി അനുഭാവമുള്ള ഒരു കുടുംബംമാത്രമാണ് ഇവിടെയുള്ളതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനാല്‍ ബൂത്ത് ഏജന്റായി തൊട്ടടുത്ത പുലയമ്പാറ ബൂത്തിലെ ഒരാളെയാണ് ഈ ബൂത്തില്‍ നിയോഗിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ ബൂത്തില്‍നിന്ന് പി.കെ. ബിജുവിന് ആറ് വോട്ട് ലഭിച്ചിരുന്നു.