തലച്ചുമടായി ശവശരീരം കൊണ്ടുപോയ ആദിവാസികളെ പികെ ബിജുവിന് അറിയുമോ? സ്വത്വം നഷ്ടപ്പെട്ടുപോയ ഇരവാലരെ അറിയുമോ? കണിശമായ ചോദ്യങ്ങളുമായി ഒരു കുറിപ്പ്

ലക്ഷ്മി സുധീര്‍

പി.കെ. ബിജുവിന്റേയോ രമ്യ ഹരിദാസിന്റേയോ രാഷ്ട്രീയത്തെ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തെ പിന്‍തുണക്കുന്നോ ഇല്ലയോ എന്നതവിടെ നില്‍ക്കട്ടെ. രമ്യ ഹരിദാസിനെ മുന്‍പൊന്നും കേട്ടിട്ടില്ല. ഇപ്പോള്‍ ധാരാളം കേള്‍ക്കുന്നുമുണ്ട്. പി.കെ. ബിജുവിനെ ധാരാളം കേട്ടിട്ടുണ്ട്. അറിയുകയും ചെയ്യാം. രമ്യ പാട്ടു പാടിക്കോട്ടേ. അവര്‍ക്ക് പാടാനറിയാമെങ്കില്‍. ബിജുവും പാടട്ടെ (പാടുകയെങ്കിലും ചെയ്യട്ടെ ). പിന്നെ ബിജു ഉത്തമ കമ്മ്യൂണിസ്റ്റാണെന്നൊക്കെയുള്ള മുട്ടന്‍ കോമഡി കേട്ട് ആവോളം ചിരിച്ചിട്ടുണ്ട്. ഇനി ബിജുവിനോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനും പറയാനുമുണ്ട്. രമ്യയും അത് കേള്‍ക്കട്ടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര ആദിവാസി ഊരുകളുണ്ടെന്ന് ബിജുവിനറിയാമോ? ആദിവാസികള്‍ വസിക്കുന്ന മണ്ഡലമാണെന്നെങ്കിലും അറിയാമോ?

1. കടപ്പാറ ആദിവാസി ഊര് .
……………………………
കടപ്പാറ ഊരില്‍ 22 കുടുംബങ്ങള്‍ മരിച്ചടക്കുന്നതു പോലും കുടിലിന്റെ അടുക്കള കുഴിച്ചാണെന്ന് ബിജു അറിഞ്ഞിട്ടുണ്ടോ? 2016 ജനുവരി 15 മുതല്‍ അവര്‍ സമരത്തിലാണെന്നും 16 ഏക്കറോളം വരുന്ന മൂര്‍ത്തിക്കുന്ന് വനഭൂമി അവര്‍ പിടിച്ചെടുത്ത് അതില്‍ കുടില്‍ കെട്ടിയാണ് വസിക്കുന്നതെന്നും, എണ്ണിയാലൊടുങ്ങാത്ത കേസുകള്‍ അവരുടെ മേല്‍ ഭരണകൂടം ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നും ബിജുവിനറിയാമോ? മന്ത്രി എ.കെ. ബാലന് നിവേദനം കൊടുക്കാന്‍ പോയ ഊരുമൂപ്പന്‍ വേലായുധനടക്കമുള്ളവരെ മവോയിസ്റ്റാണെന്ന് പറഞ്ഞ് പൊലീസ് ഉടുമുണ്ടഴിച്ച് പരിശോധിച്ചത് ബിജു കേട്ടിട്ടുണ്ടോ? എപ്പഴെങ്കിലും ഈ ഊര് ബിജു സന്ദര്‍ശിച്ചിട്ടുണ്ടോ?

2. മുതലമട ഊര്
……………………
ഉത്തരേന്ത്യയില്‍ ദന മജി ഭാര്യയുടെ ശവശരീരം ചുമന്ന് നടന്നപ്പോള്‍ ഇന്ത്യയുടെ രൂപം മാറ്റി വരച്ചവരാണ് ബിജുവിന്റെ സഹയാത്രികര്‍. കുണ്ടനം കുളമ്പ് ഊരിനേക്കുറിച്ച് ബിജു കേട്ടിട്ടുണ്ടോ? അവിടെ അച്ഛന്റെ മൃതദേഹം തലച്ചുമടായി കൊണ്ടു പോയി സംസ്‌കരിച്ച രാജുവിനേക്കുറിച്ച് കേട്ടിട്ടുണ്ടോ?
കേരളത്തില്‍ ഒറ്റ വീടു പോലും വൈദ്യുതി എത്താതില്ലെന്ന് പറഞ്ഞിട്ട് കുണ്ടനം കുളമ്പിലെ മീനാക്ഷി ക്ക് വൈദ്യുതി പോയിട്ട് താല്‍ക്കാലിക നടവഴി പോലും വിട്ടുനല്‍കാതിരുന്ന വാര്‍ഡുമെമ്പറും കോണ്‍ഗ്രസ് കാരനുമായ ഭൂവുടമയെ അറിയാമോ? മിനുക്കുംപാറ, അളകാപുരി, വലിയ ചെളളാപതി തുടങ്ങി നീണ്ട നിരയുണ്ട് ഒഞ്ചിയം തൊഴുത്തു പോലുള്ള വിമോചനം സ്വപനം കാണാന്‍ പോലും കഴിയാത്ത അടിമകളുടേതായി.

3. കൊല്ലങ്ങോട് 1, 2 റവന്യൂ വില്ലേജിലെ ഊരുകള്‍
…………………………..
പറത്തോട്, പുത്തന്‍പാടം, മാത്തുര്, വേങ്ങപ്പാറ, ചാത്തന്‍പാറ, കൊട്ട കുറിശ്ശി എന്നൊക്കെ ബിജു കേട്ടിട്ടുണ്ടോ? 2017 ഡിസംബര്‍ മാസം 27 മുതല്‍ അവര്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ കുടില്‍ കെട്ടി സമരത്തിലായിരുന്നു. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളുമൊക്കെ വലിയ വാര്‍ത്ത നല്‍കിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസ് തൂത്തുവാരിക്കൊണ്ടുപോയി കത്തിച്ചതും ബിജു കേട്ടിട്ടുണ്ടാവില്ല. കിര്‍ത്താഡ്‌സിന്റെ ബ്രാഹ്മണ്യ മേധാവിത്തത്തിനെതിരെ സ്വത്വം വേട്ടയാടപ്പെട്ട ആദിവാസികളായ ഇരവാലന്‍ സമുദായക്കാരുടേതായിരുന്നു ആ സമരം. 253 ദിവസം നീണ്ടു നിന്ന ആ സമരത്തിന് (അടിച്ചമര്‍ത്തിയില്ലായിരുന്നെങ്കില്‍ തുടരുമായിരുന്ന) എന്താണ് ബിജുവിന്റേയോ നിങ്ങളുടെ പ്രസ്ഥാനത്തിന്റേയോ പിന്തുണ.?? സുപ്രീം കോടതിയില്‍ കേസ് കൊടുക്കുന്നതിന് വേണ്ടി ഡല്‍ഹിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അജയ് കുമാര്‍ നിങ്ങളെ വിളിച്ചിരുന്നില്ലേ? എന്തായിരുന്നു നിങ്ങളുടെ പ്രതികരണം?

4. നെന്മാറ – വെള്ളപ്പാറക്കുന്ന്.
………………………….
പോത്തുണ്ടി ഡാം നിര്‍മാണ സമയത്ത് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ആദിവാസികളാണ് ഇവിടെയുള്ളത്. പാറക്കെട്ടില്‍ കുടിലുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍. വീടില്ല, ശുചി മുറിയില്ല, വെള്ളമില്ല. ഒരു വിരലെങ്കിലും ഇവര്‍ക്കു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ചലിപ്പിച്ചിട്ടുണ്ടോ ബിജു ..

ഈ ഊരുകളിലേക്ക് വോട്ടു ചോദിച്ചു വരാന്‍ ധൈര്യമുണ്ടോ ബിജു? സ്വന്തം വംശത്തിന് വേണ്ടി അധികാരികള്‍ക്കു മുന്നില്‍ വായ് തുറക്കാത്ത നിങ്ങളാണോ കീഴാള വര്‍ഗ്ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നും പോരാടുമെന്നും വീമ്പിളക്കുന്നത്? ആലത്തൂര്‍ ഇനിയും നിങ്ങള്‍ നേടുമായിരിക്കും. എം.പിക്കസേരയില്‍ പൃഷ്ഠം അമര്‍ത്തും മുന്‍പ് ഇത്തരം കുറച്ച് മുള്ളാണികള്‍ ആസനത്തില്‍ തറക്കുമെന്നോര്‍മ്മിപ്പിക്കുന്നു.

ഇനി രമ്യ ജയിച്ചാലോ…ലോ…ലോ…ലോ… ഒന്നും പറയാനില്ല. അടിമ മക്കളുടെ മന്ത്രിയായിരുന്നു പി.കെ.ജയലക്ഷ്മി. അതു കൊണ്ട്….. നന്ദി… നമസ്‌കാരം…

Top