തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് എട്ടു മുതല്‍ 22 വരെ നല്‍കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് ചെറിയ പ്രയാസം നേരിടും.
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും നടത്തി 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സിലബസില്‍നിന്ന് സംസ്ഥാന പ്ലസ് വണ്ണിലേക്കു മാറുന്നവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിനു മുന്‍പെങ്കിലും അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.
4,37,156 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോള്‍ പ്ലസ് വണിന് 4,22,910 സീറ്റാണുള്ളത്. വി.എച്ച്.എസ്.ഇ.ക്ക് 27,500 സീറ്റുണ്ട്. പോളിടെക്‌നിക്ക് അടക്കമുള്ള കോഴ്‌സുകള്‍ക്കും അവസരമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് ഈ വര്‍ഷം നേരത്തേതന്നെ വര്‍ദ്ധിപ്പിച്ചു. അതുകൂടി ഉള്‍പ്പെടുത്തിയുള്ള സീറ്റുനിലയാണിത്.
സി.ബി.എസ്.ഇ.യില്‍നിന്ന് 11 ശതമാനം കുട്ടികളാണ് സാധാരണ സംസ്ഥാന സിലബസിലേക്കു മാറിവരുന്നത്. ഇത്രയും കുട്ടികള്‍ക്കായി, 89 ശതമാനം കുട്ടികളുടെ പഠനം വൈകിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. 220 ദിവസം വരെ അധ്യയനം നടക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നതെങ്കിലും ശരാശരി 140 ദിവസമേ ക്ലാസ് നടക്കുന്നുള്ളൂ.
എസ്.എസ്.എല്‍.സി. ഫലം നേരത്തേ പ്രസിദ്ധീകരിക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തേ തുടങ്ങുമെന്നും അതനുസരിച്ച് സി.ബി.എസ്.ഇ. ഫലം പ്രസിദ്ധീകരിക്കണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, സി.ബി.എസ്.ഇ.യില്‍നിന്നു മറുപടി വന്നില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.പി.പ്രകാശന്‍ പറഞ്ഞു.