തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പോലെ തന്നെ പ്ലസ്ടുവിനും ഇത്തവണ പ്രതീക്ഷിച്ച വിജയശതമാനം ഉണ്ടായില്ല. ഹയര്‍ സെക്കന്‍ഡറിക്ക് 80.94 ശതമാനമാണു വിജയം. വി.എച്ച്.എസ്.ഇയില്‍ 79.03 ശതമാനമാണു വിജയം. ഹയര്‍ സെക്കന്‍ഡറിക്ക് ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.02 ശതമാനം കുറവുണ്ട്. വിജയ ശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്.
ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മോഡറേഷന്‍ നല്‍കാന്‍ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ 3,61,683 പേര്‍ പരീക്ഷ എഴുതിയതില്‍ 2,92,753 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് പരീക്ഷാഫലം നിശ്ചയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തി. രണ്ടു മൂല്യനിര്‍ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായ പേപ്പറുകള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ചു.
9,870 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇതില്‍ 6905 പേര്‍ പെണ്‍കുട്ടികളാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയില്‍ – 72.4 ശതമാനം. ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡുകളുള്ളത് കൊല്ലം ജില്ലയിലാണ്- 1,111. 125 വിദ്യാര്‍ഥികള്‍ 1200 ല്‍ 1200 മാര്‍ക്കും നേടി. 72 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ് വിഭാഗത്തില്‍ 1,82,180 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,48,744 പേര്‍ വിജയിച്ചു. 81.65 ശതമാനം. ഹ്യുമാനിറ്റീസില്‍ 72,500 വിദ്യാര്‍ഥികളില്‍ 56,008 പേരും (77.25 ശതമാനം) കൊമേഴ്സ് വിഭാഗത്തില്‍ 1,07,003 പേരില്‍ 88,001 പേരും (82.24 ശതമാനം) ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് വിഭാഗത്തില്‍ 8,120 പേര്‍ക്കും ഹ്യുമാനീറ്റീസില്‍ 364 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 1,386 പേര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 27,382 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി.
14 ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1,782 പേര്‍ പരീക്ഷ എഴുതിയതില്‍ 1,397 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 78.40 ശതമാനമാണ് വിജയം. കലാമണ്ഡലം ആര്‍ട്സ് സ്‌കൂളില്‍ 69 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 55 പേര്‍ വിജയിച്ചു. സ്‌കോള്‍ കേരള വഴി 67,027 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 23,533 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 35.11 ശതമാനമാണു വിജയം. ഇതില്‍ 52 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി. പഴയ സിലബസില്‍ പരീക്ഷ എഴുതിയ 22,893 വിദ്യാര്‍ഥികളില്‍ 8,339 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
വി.എച്ച്.എസ്.ഇയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിജയിച്ച് 79.03 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. പാര്‍ട്ട് ഒന്നും രണ്ടും വിജയിച്ച് 87.72 ശതമാനം പേര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി. ഇവര്‍ക്ക് തൊഴില്‍ നേടുന്നതിനും അപ്രന്റീസ്ഷിപ്പിനും അര്‍ഹതയുണ്ടായിരിക്കും. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം പാലക്കാട് ജില്ലയിലാണ്- 94.12. കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയില്‍- 71.71. ഉപരിപഠനത്തിന് അര്‍ഹത നേടിയതില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനവും പാലക്കാടാണ്- 89.64.