അഹമ്മദാബാദ്∙ കോൺഗ്രസിനെ കടന്നാക്രമിച്ചും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളെ പ്രകീർത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നുണപ്രചരിപ്പിച്ചും ജാതി, സമുദായങ്ങളുടെ പേരിൽ ഭിന്നിപ്പിച്ചുമാണ് കോൺഗ്രസ് പ്രവർത്തിച്ചിരുന്നതെന്നു മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ഗുജറാത്ത് ഗൗരവ് യാത്ര മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസിെന്‍റ സാമ്രാജ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഗാന്ധി ഭരണം അവസാനിച്ചു. വികസനമാണു വിജയം നേടിയത്. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം ഇനി നല്‍കില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇല്ലാതായിരിക്കുകയാണ്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണപ്രചാരണം നടത്തുകയാണ്. വിദ്വേഷത്തിെന്‍റ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വികസനവും കുടുംബാധിപത്യവും തമ്മിലുള്ള മത്സരമാകും നടക്കുകയെന്നും മോദി പറഞ്ഞു.
ഗുജറാത്തിെന്‍റ വികസനത്തോടു മുഖംതിരിക്കുന്ന സമീപനമാണു കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണു ചെയ്തതെന്നു ചരിത്രത്തിനു നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണു കോണ്‍ഗ്രസുകാര്‍ നോക്കിയത്. ഗാന്ധികുടുംബമല്ലാത്ത എല്ലാവരെയും കോൺഗ്രസിനു പുച്ഛമാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്നെ ജയിലിലടയ്ക്കാൻ ശ്രമിച്ചവരാണു കോൺഗ്രസുകാർ. പട്ടേലിന് അർഹമായ സ്ഥാനംനൽകാതിരുന്നവർ ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നതു കൗതുകമാണ്. പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ടു സജീവമായ പാർട്ടിയാണു ബിജെപി. എന്നാൽ കോൺഗ്രസ് നാടുവാഴികളുടെ പാർട്ടിയാണെന്നും മോദി ആരോപിച്ചു.ജിഎസ്ടി നടപ്പാക്കിയതിലൂടെ വ്യാപാര സമൂഹത്തിനുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരമാകും. ജിഎസ്ടി നടപ്പാക്കാൻ തീരുമാനിച്ചതു പ്രധാനമന്ത്രി മോദി ഒറ്റയ്ക്കല്ല. മുപ്പതോളം പാർട്ടികളുമായി ആലോചനകൾ നടത്തിയ ശേഷമാണു ജിഎസ്ടി നടപ്പാക്കിയത്. കോൺഗ്രസിനും അതിൽ തുല്യ പങ്കാളിത്തമുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടിയുടെ പേരിൽ കള്ളത്തരങ്ങൾ പ്രചരിക്കുന്നത് അവർ നിർത്തണം. വ്യാപാരികളും വ്യവസായികളും ജിഎസ്ടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയെക്കുറിച്ച് കോൺഗ്രസ് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
മൂന്നു മാസത്തിനുശേഷം ജിഎസ്ടി പുനഃപരിശോധിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും താന്‍ പറഞ്ഞിരുന്നു. പ്രയാസങ്ങൾ തീർക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതു വ്യാപാരികള്‍ക്കു മനസ്സിലാകും. അമിത് ഷായാണു ബിജെപിയിലെ ‘മാന്‍ ഒാഫ് ദ മാച്ച്’. ഗുജറാത്തില്‍ 182 സീറ്റുകളില്‍ 150 എണ്ണത്തില്‍ ബിജെപി വിജയം നേടുമെന്നാണു ഷാ ഉറപ്പു നല്‍കിയിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയം നേടുമെന്നും ഭരണത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു. മഹാറാലിയിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തതായി ബിജെപി അറിയിച്ചു.