
കൊച്ചി: കനത്ത പ്രളയ കെടുതിയിൽ വലയുന്ന കേരളത്തിന്റെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി മോദി നാളെ കേരളത്തിൽ എത്തുന്നു. കൊച്ചിയിലെത്തിയ ശേഷം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.
അതേസമയം മഴക്കെടുതിയിൽ ഇതുവരെ 94 പേർ മരിച്ചതായാണ് കണക്ക്. വെള്ളിയാഴ്ച വൈകിട്ട് ആറു വരെയുള്ള കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.