ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഒന്നാമനായി പിണറായി

കൊച്ചി:ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതർ നേരിടുന്ന അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങൾ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്.ഈ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 14 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.വിവിധ കേന്ദ്ര സേനകള്‍ കുറേനാളുകളായി സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Top