അപകടം സംഭവിച്ചവരെ ആശുപത്രിയിലെത്തിച്ച് പൊലീസ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അംബുലന്‍സിനായി കാത്തിരിക്കാതെ പെട്രോളിങ് വാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ച് അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിച്ച വാര്‍ത്തകളും ധാരാളം കാണാറുണ്ട്. എന്നാല്‍ ഇതാ ഒരു പോലീസ് ഇടപെടല്‍ വീഡിയോ. സേനയ്ക്കാകെ അപമാനമുണ്ടാക്കുന്ന ഈ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
നോയിഡയിലെ സെക്റ്റര്‍ 11 ലാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു എന്നു മാത്രമല്ല അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ കടന്നു കളയുകയും ചെയ്തു. സമീപത്തെ വീടിന്റെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് പൊലീസിന്റെ അനാസ്ഥ തെളിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശികളും സഹോദരങ്ങളുമായി ആദിത്യ സിങ് ചൗഹാനും അനൂപ് സിങ് ചൗഹാനുമാണ് അപകടത്തില്‍ പെട്ടത്.
നോയിഡയില്‍ നിന്ന് ഗുരുഗാവിലേക്ക് വരികയായിരുന്നു ഇരുവരും. റോഡ് ക്രോസ് ചെയ്ത് ഇവരുടെ ബൈക്കിനെ അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസിന്റെ ടൊയോട്ട ഇന്നോവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. രണ്ടുപേരുടേയും കാലിനും തലയ്ക്കും പരിക്കുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തിന് ഉത്തരവാദികളായ ഡ്രൈവറെയും പൊലീസ് കോണ്‍സ്ടബിളിനേയും സസ്‌പെന്റ് ചെയ്തു എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.