
കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3557 ആയി. ആക്രമണം അഴിച്ചു വിട്ട ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇനിയും ഉണ്ടാകുക എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പോലീസ് നടപടി. 531 കേസുകളാണ് വിവിധ തരത്തില്‍ പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത 350പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ മാത്രം 52പേരാണ് അറസ്റ്റിലായത്. ശക്തമായ നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. വരും ദിനങ്ങളില്‍ സംഘപരിവാറിന്റെ പ്രതിരോധ ശ്രമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സംജാതമായിട്ടുള്ളത്. അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാന്‍ പോലും ആളില്ല എന്നത് അണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കുക, പൊലീസുകാരെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റം ചെയ്തവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയും, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കി.