പുലി മലയിറങ്ങുമ്പോള്‍ പകരമെത്തുന്നത് സിംഹം!! യതീഷ് ചന്ദ്രയ്ക്ക് പരകമെത്തുന്നത് കാളിരാജ് മഹേഷ്‌കുമാര്‍

ശബരിമലയിലെ ക്രമസമാധാന നടപടികള്‍ വളരെ കൃത്യതയോടെ നടപ്പാക്കിയതിന് ഇന്നലെ വരെ എതിര്‍ത്തവരുടെ മനസിലും വീരപരിവേഷം നേടിയാണ് യതീഷ് ചന്ദ്ര മടങ്ങുന്നത്. യതീഷ് ചന്ദ്രയുടെ പടിയിറക്കത്തില്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക് അത്ര സുഖകരമായ വാര്‍ത്തയല്ല പിന്നാലെ വരുന്നത്. യതീഷ് ചന്ദ്ര പുലിയായിരുന്നെങ്കില്‍ ഇനി ശബരിമലയില്‍ എത്തുന്നത് സിംഹമാണ്.

ജമ്മുകശ്മീര്‍ താഴ് വരയില്‍ കൊടും ഭീകരരെ വെടിവെച്ച് കൊന്ന് ഇന്ത്യന്‍ പൊലീസ് സേനക്ക് അഭിമാനമായ സാക്ഷാല്‍ കാളിരാജ് മഹേഷ്‌കുമാറാണ് ഇവിടെ നവംബര്‍ 30 മുതല്‍ സുരക്ഷാ ചുമതലയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായ കാളിരാജിനെ യതീഷ് ചന്ദ്രയെ പോലുള്ള കരുത്തനായ പൊലീസ് ഓഫീസര്‍ ഡ്യൂട്ടി കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സാഹചര്യത്തിലാണ് നിയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ശബരിമല സുരക്ഷാ ചുമതലക്ക് നിയോഗിക്കപ്പെട്ട എസ്.പിമാരില്‍ ഏറ്റവും സീനിയറാണ് 2005 ബാച്ചിലെ ഐ.പി.എസുകാരനായ കാളി രാജ് മഹേഷ്‌കുമാര്‍, അതുകൊണ്ട് തന്നെ അനിവാര്യ ഘട്ടങ്ങളില്‍ നിലയ്ക്കല്‍, സന്നിധാനം ഉള്‍പ്പെടെ ഏതു മേഖലയിലും എപ്പോള്‍ വേണമെങ്കിലും നിയോഗിക്കാനും മറ്റു എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കാനും എളുപ്പത്തില്‍ കഴിയും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ഐ.ജി അശോക് യാദവും സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഐ.ജി ദിനേന്ദ്ര കശ്യപിനുമാണ് സുരക്ഷാ ചുമതലയുടെ മേല്‍നോട്ടമുള്ളത്.

ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ജമ്മു കശ്മീരിലെ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഐ.പി.എസ്.ഓഫീസറാണ് കാളിരാജ് മഹേഷ് കുമാര്‍. വെടിയുണ്ടകള്‍ ഏറ്റ അഞ്ച് പരിക്കുകള്‍ ഉണ്ട് കാളിരാജിന്റെ ശരീരത്തില്‍. തമിഴ് നാട്ടിലായിരുന്നു വിദഗ്ദ ചികിത്സ. വന്‍ സുരക്ഷയാണ് ഈ കാലയളവില്‍ അവിടെ തമിഴ്‌നാട് പൊലീസ് ഒരുക്കിയിരുന്നത്.

ജമ്മു കശ്മീര്‍ കേഡറിലെ ഈ പൊരുതുന്ന ഐ.പി.എസ്‌കാരന്റെയും കുടുംബത്തിന്റെയും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് കേരള കേഡറിലേക്ക് സ്ഥലം മാറ്റിയത്. കാളിരാജ് കൊന്ന് തള്ളിയത് ഭീകര ഗ്രൂപ്പിലെ പ്രധാനികളെ ആയതിനാല്‍ ഇപ്പോഴും സുരക്ഷാ ഭീഷണി ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയാണ്.

ഒരു പോസ്റ്റിനോടും പ്രത്യേക താല്‍പ്പര്യമില്ലാത്ത കാളി രാജ് മഹേഷ്‌കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ക്രമസമാധാന ചുമതലയില്‍ നിയമിച്ചത്. ഇപ്പോള്‍ ശബരിമലയിലെ സേവനവും സര്‍ക്കാറിന്റെ കൂടി താല്‍പ്പര്യപ്രകാരമാണ്. കേന്ദ്ര സര്‍വീസാണെന്ന് കരുതി ഐ.പി.എസുകാരെ വിരട്ടി നിര്‍ത്താമെന്ന ബി.ജെ.പി നേതാക്കളുടെ താല്‍പ്പര്യം വകവെച്ച് കൊടുക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

തീവ്രവാദ വിരുദ്ധ ആക്രമണത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായ കാളിരാജിനെ പോലുള്ളവരെ വിമര്‍ശിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് പോലും കഴിയില്ലെന്ന കണക്കുകൂട്ടലും സര്‍ക്കാറിനുണ്ട്. നവംബര്‍ 30 വരെ സുരക്ഷാ ചുമതലയുള്ള ഐപിഎസുകാര്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തുകയും അവരുടെ വസതികളിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ശബരിമലയും പരിസരവും ഇപ്പോള്‍ പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാണെങ്കിലും തൃപ്തി ദേശായിയെ പോലുള്ളവര്‍ ഏതു നിമിഷവും സാഹസത്തിന് തയ്യാറാകുമെന്ന മുന്‍ കരുതലില്‍ തന്നെയാണ് പൊലീസ്.

സംഘപരിവാര്‍ പ്രവര്‍ത്തകരാകട്ടെ കീഴ് ഘടകങ്ങള്‍ക്ക് പ്രത്യേക ക്വാട്ട നല്‍കി സ്വാമിമാരായി തന്നെ പ്രവര്‍ത്തകരെ ഘട്ടം ഘട്ടമായി ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ ആര്‍.എസ്.എസ് – ബി.ജെ.പി – വി എച്ച് പി പ്രവര്‍ത്തകര്‍ എത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉടലെടുത്താല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ പ്രത്യാഘാതത്തിന് കാരണമാകുമെന്നതിനാല്‍ പഴുതടച്ച സുരക്ഷയിലാണ് പൊലീസ്. കൂടുതല്‍ സി.സി.ടി.വികളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

യുവതീ പ്രവേശനത്തിന് എതിരായ വിധി സുപ്രീം കോടതിയില്‍ നിന്നും വരാത്തിടത്തോളം കനത്ത ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമാണ് ഇപ്പോഴും നിരോധനാജ്ഞ തുടരുന്നത്. അതേസമയം, ചെറിയ ഇടവേളക്ക് ശേഷം ഭക്തരുടെ തിരക്ക് വീണ്ടും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Top