അന്തിമ വിധി പറയേണ്ടത് കോടതികളല്ല തന്ത്രിമാരാണെന്ന് കെ.സുധാകരന്‍; വിധിയെ എതിര്‍ക്കുന്നതെന്തിനെന്ന് ദേശീയ വനിതാ കമ്മീഷന്‍

വിശ്വാസികള്‍ ഒന്നിച്ചു നിന്നാല്‍ ഒരു പോലീസും പട്ടാളവും ശബരിമലയില്‍ കാലുക്കുത്തില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ വനിതാ പോലീസിനെ നിയമിക്കാനിരിക്കുകയാണ് സര്‍ക്കാരെന്നും അതിനെ തടയുമെന്നും സുധാകരന്‍ പറഞ്ഞു.

ശബരിലയടക്കമുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും അന്തിമ വിധി നിശ്ചയിക്കേണ്ടത് കോടതികളും സര്‍ക്കാരുകളുമല്ല. അവിടങ്ങളിലുള്ള തന്ത്രിമാരാണ്. തന്ത്രിമാരുടെ വാക്കാണ് അവസാന വാക്ക്. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശമാണത്. അതിനെ ധ്വംസിക്കാന്‍ ഒരു കോടതിക്കും സര്‍ക്കാരിനും അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല ആചാര അനുഷ്ഠാന സംരക്ഷിക്കാന്‍ വിശ്വാസി സമൂഹം നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ശബരിമല വിധിക്കെതിരെ സ്ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ രംഗത്തെത്തി. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല, ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോകാന്‍ മതി. ഇതിനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നവരെ എതിര്‍ക്കുന്നതെന്തിനാണ്. പോകുന്നതും പോകാതിരിക്കുന്നതും അവരുടെ അവകാശമാണെന്നും രേഖ ശര്‍മ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെയും അവകാശങ്ങള്‍ തുല്യമാണെന്നും രേഖാ ശര്‍മ വിശദീകരിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിലപാടും നിലനില്‍ക്കില്ലെന്നും രേഖ ശര്‍മ വ്യക്തമാക്കി.

നേരത്തെ, ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈനും ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവര്‍ക്ക് പോകാം. ഇവിടങ്ങളില്‍ പോകേണ്ടതില്ലെന്ന് തീരുമാനിക്കുന്നവര്‍ക്ക് പോകാതെയിരിക്കാം. പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Top