കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പൊലീസിന്റെ സത്യവാങ്മൂലം. നടിയെ വീണ്ടും അപമാനിക്കാനുള്ള സ്രമമാണ് ദിലീപ് നടത്തുന്നതെന്ന് വാദിച്ച് പൊലീസ് കോടതിയില്‍. പ്രതിയായ നടന്‍ ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടും.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ പോലീസ് ഇക്കാര്യം കാണിച്ച് എതിര്‍ സത്യവാങ്മൂലം നല്‍കും.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.
ചട്ടപ്രകാരം ഈ തെളിവുകള്‍ തനിയ്ക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹര്‍ജിയിലെ ആരോപണത്തെയും പൊലീസ് എതിര്‍ക്കും. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
കേസിലെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിയില്‍ താക്കീത് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് കോടതി. അതേസമയം, കുറ്റപത്രം ചോര്‍ത്തിയത് ദിലീപാണെന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം.