സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പൊലീസ്. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന ആശങ്കയും പൊലീസ് പങ്കുവെച്ചു.
ഇനിയും ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാകുമെന്നാണ് പൊലീസിന്റെ പക്ഷം. സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നിര്‍മ്മാണ മേഖലയ്ക്ക് ഇളവുകളും നല്‍കിയ ഉത്തരവ് അപ്രായോഗികമാണന്നും പൊലീസ് വിലയിരുത്തുന്നു.തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിക്കപ്പെടുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നും അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷം പൊലീസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ മുതലാണ് ലോക്ക്ഡൗണ്‍ നടപ്പില്‍ വരുന്നത്. നിലവിലെ ഉത്തരവ് പ്രകാരംനേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പോലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാടു സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഒരു മണി വരെ ഇടപാടുകള്‍ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡിടിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. റോഡ്, ജലഗതാഗത സര്‍വീസുകള്‍ ഉണ്ടാവില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം.