പോലീസിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ താഴെയുള്ള പോസ്റ്റില്‍ ഇരിക്കുന്നവരെ തരംതാഴ്ന്ന രീതിയിലാണ് കാണുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. പലപ്പോഴും ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടുമുണ്ട്. എന്നാല്‍ ഇതിനെല്ലാം കടക വിരുദ്ധമായ സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായത്. ഡിഐജിയെ തടഞ്ഞ് നിര്‍ത്തി ഊതിച്ച പോലീസുകാര്‍ കാറിന്റെ ഡിക്കി വരെ തുറന്ന് പരിശോധിച്ചു. ആളറിയാതെയാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് വിധേയരാക്കിയെ പോലീസുകാര്‍ ആളെ തിരിച്ചറിഞ്ഞ് ടെന്‍ഷനില്‍ കഴിയുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായി അപ്രതീക്ഷിതമായി അവര്‍ക്ക് കൈവന്നത് അംഗീകാരവും അഭിനന്ദനവുമാണ്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ് ആ എസ് എസ് ജയകുമാറിനും, സിവില് പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ക്കുമാണ് ഡിഐജി ഷെഫിന്‍ അഹമ്മദിന്റെ അനുമോദനവും കാഷ് അവാര്‍ഡും ലഭിച്ചത്
ഒരു പോലീസ് ഓഫീസര്‍ തന്നെ പങ്കുവച്ച കുറിപ്പ്:
പ്രിയരേ…
തിരുവനന്തപുരം സിറ്റിയിലെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ ASI ശ്രീ.S.S.ജയകുമാറിനും, CPO മാരായ അനിൽകുമാർ, അജിത്കുമാർ എന്നിവർക്കും ബഹു. DIG ആംഡ് പോലീസ് ബറ്റാലിയൻ ശ്രീ. ഷെഫീൻ അഹമ്മദ് IPS അവർകൾ GSE യും, ക്യാഷ് റിവാർഡും നൽകിയ ഉത്തരവ് കണ്ടപ്പോൾ, ഇത് എല്ലാവരും അറിയണം എന്ന് തോന്നി. കാരണം ഇങ്ങനെ റിവാർഡ് എഴുതിയ ഷെഫീൻ സർ രാത്രി 12.15 മണിക്ക് സ്വന്തം സ്വകാര്യകാർ സ്വന്തമായി ഡ്രൈവ് ചെയ്ത് വന്നപ്പോൾ ഈ പോലീസ് ഉദ്യോഗസ്ഥർ കാർ കൈകാണിച്ച് നിറുത്തി ബ്രീത്ത് അനലൈസർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. സീനിയർ ഓഫീസറാണ് എന്ന് തിരിച്ചറിയാതെ നടത്തിയ ഈ നടപടിയിൽ അവരുടെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. അത് അംഗീകരിച്ചാണ് അദ്ദേഹം GSE എഴുതിയത്. ഇവർക്ക് മൂന്നുപേർക്കും അഭിനന്ദനങ്ങൾ…
ഈ ഉത്തരവ് കണ്ടപ്പോൾ ബഹു. DIG ശ്രീ. ഷെഫീൻ അഹമ്മദ് IPS അവർകളെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. സാധാരണ വീഴ്ചകളോ, മോശം പെരുമാറ്റമോ ഉണ്ടായാൽ നടപടി ഉറപ്പാണ്. നല്ലതിനേയും, പോലീസിന് അഭിമാനകരമായ പെരുമാറ്റത്തേയും അവഗണിക്കാറാണ് പതിവ്. എന്നാൽ പോലീസ് പരിശോധനക്ക് കൈകാണിച്ചപ്പോൾ DIG യിൽ നിന്ന് ഡ്രൈവർ ആയി മാറുകയും, പരിശോധനക്ക് വിധേയനാകുകയും, ഈ ഔദ്യോഗിക കൃത്യത്തിലെ മികവിനും, മാന്യതയ്ക്കും ആ ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകുകയും ചെയ്ത പ്രവർത്തനം അഭിനന്ദനീയം മാത്രമല്ല അനുകരണീയവുമാണ്.
ഈ സെപ്റ്റംബർ മാസം തന്നെ ഉണ്ടായ മറ്റൊരു സംഭവം കൂടി എൻ്റെ അറിവിലേക്ക് വന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് അതിന്റെ കാരണം ബോധ്യമാകുക.
കോട്ടയം ടൗണിൽ പോലീസ് വാഹനപരിശോധന നടത്തി വന്നപ്പോൾ സർവീസിൽ നിന്ന് വിരമിച്ചിട്ടില്ലാത്ത ഒരു ഓഫീസർ സഞ്ചരിച്ച സ്വകാര്യവാഹനം കൈകാണിച്ച് നിറുത്തി. അത് ഇഷ്ടപ്പെടാതെ അദ്ദേഹം പോലീസിനോട് തട്ടികയറുകയും, ആ സമയം അപ്രതീക്ഷിതമായി അതുവഴി വന്ന കോട്ടയം SP ശ്രീ.ഹരിശങ്കർ IPS അവർകളോട് പരാതി പറയുകയും ചെയ്തു. പരാതി കേട്ട ഹരിശങ്കർ സർ സാരമില്ല അവർ അവരുടെ ഡൂട്ടി അല്ലേ ചെയ്തത് എന്ന് ആശ്വസിപ്പിച്ച് അവിടെ നിന്ന് പോകുകയും ചെയ്തു.
മികവോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കരുത്ത് പകർന്ന മറ്റൊരു സമീപനമാണ് ശ്രീ. ഹരിശങ്കർ സാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇതാണ് പോലീസ്…
പൂർണമായും ഇങ്ങനെ ആവണം പോലീസ്…
അതിന് എല്ലാവർക്കും പ്രചോദനമാകട്ടെ ഈ പ്രവർത്തനങ്ങൾ…..
C.R.ബിജു
ജനറൽ സെക്രട്ടറി
KPOA