പത്തനംതിട്ട : പോലീസിന്റെ ക്രൂരത വീണ്ടും പത്തനംതിട്ടയില്‍. പുല്ലാട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനെ കോയിപ്പുറം എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെയാണ് പരാതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. ഇത് സംബന്ധിച്ച് ആലുവ സ്വദേശി നിതിന്‍ മോനി പത്തനംതിട്ട ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കി.
പുല്ലാട്ടെ മൊബൈല്‍ ഷോപ്പില്‍ നിന്നും 50 മീറ്റര്‍ മാറിയുള്ള താമസസ്ഥലത്തേക്ക് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു നിധിന്‍. ഈ സമയം പോലീസ് ജീപ്പില്‍ എത്തിയ കോയിപ്പുറം എസ്.ഐ നിതിന്റെ വാഹനത്തിനു കുറുക്കിടുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. വണ്ടി തടഞ്ഞ സബ് ഇന്‍സ്പെക്ടര്‍ ലൈസന്‍സ് ആവശ്യപ്പെടുകയും ഡോക്യുമെന്റ് എല്ലാം ഡിജിറ്റലൈസെഷനായതിനാല്‍ ഒറിജിനല്‍ കയ്യില്‍ ഇല്ലെന്നും എം പരിവഹാനില്‍ ഉണ്ടെന്നും അത് കാണിക്കാമെന്നും നിധിന്‍ പറഞ്ഞു. ഇത് പറഞ്ഞപ്പോള്‍ “നീ എന്നെ നിയമം പഠിപ്പിക്കുന്നോടാ” എന്നാക്രോശിച്ചു കൊണ്ട് മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ഇത് എതിര്‍ത്തതോടെ റോഡില്‍ ഇട്ടു മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് നിധിന്റെ പരാതി. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമാണ് നിധിന്‍ പരാതി നല്‍കിയത്.
എന്നാല്‍ നിധിന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കോയിപ്പുറം എസ്.ഐ പറഞ്ഞു. ഹെല്‍മെറ്റും മാസ്കും ധരിക്കാതെ അപകടകരമാംവിധം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരന്‍. വശങ്ങള്‍ ശ്രദ്ധിക്കാതെ പോലീസ് ജീപ്പിനു മുമ്പിലേക്ക് വെട്ടിച്ചു കയറുകയായിരുന്നു എന്നും എസ്.ഐ പറഞ്ഞു. നിര്‍ത്താതെ പോയ സ്കൂട്ടറിന്റെ പിന്നാലെയെത്തി പിടികൂടിയപ്പോള്‍ ഒരു രേഖകളും വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡിയില്‍ എടുത്ത പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ വിളിച്ചപ്പോള്‍ ജീപ്പില്‍ കേറാന്‍ വിസമ്മതിച്ചെന്നും ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ നടപടിക്രമങ്ങള്‍ക്ക് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്നും പ്രതിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും കോയിപ്പുറം സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.