തീവ്ര ഇടതുബുദ്ധിജീവികളുടേയും,തത്വചിന്തകരുടേയും പറുദീസയാണ് എന്നും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി.പുറത്ത് വലതുപക്ഷ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കൊടുമ്പിരി കൊണ്ട പ്രചരണത്തിന് ഫാസിസ്റ്റുകള്‍ ഉപയോഗിക്കുമ്പോഴും ജെഎന്‍യു അതിന്റെ തനത് രാഷ്ട്രീയം മുറുകെ പിടിക്കാന്‍ എന്നും മുന്‍പന്തിയില്‍ തന്നെയുണ്ട്.രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരതിലെത്തിയപ്പോള്‍ അതിന്റെ ചെറിയൊരു അലയൊലി പോലും ഈ സര്‍വ്വകലാശാല മുറ്റത്ത് എത്തിയില്ല.തൊട്ടടുത്ത ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചിട്ടും ജെഎന്‍യു ഇപ്പോഴും അതിന്റെ ഇടത്-മതേതര രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുക തന്നെയാണ്.ഇതൊകെയാണ് രാജ്യത്തെ എറ്റവും വലിയ അക്കാദമിക് ബുദ്ധിജീവികളുടെ കേന്ദ്രമെന്ന് വിളിപ്പേരുള്ള ഈ മഹത്തായ സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ ഇപ്പോള്‍ ഫാസിസ്റ്റുകള്‍ കൊണ്ടുപിടിച്ച് ശ്രമിച്ച് കൊണ്ടിരിക്കുന്നതും.
ജെഎന്‍.യുവിലെ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളാണെന്ന് മുദ്രകുത്താന്‍ കഷ്ടപ്പെടുകയാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍. അതിന് കാരണമായി പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അത്രയ്ക്കും വിചിത്രമാണ്. ഹോസ്റ്റലില്‍ ബീഫ് ആവശ്യപ്പെട്ടതും ദുര്‍ഗാദേവിക്ക് പകരം മഹിഷാസുരനെ ആവശ്യപ്പെട്ടതുമൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്ത ദേശദ്രോഹ പ്രവര്‍ത്തികള്‍.
ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതോടെയാണ് ജെ.എന്‍.യു കാമ്പസ്സ് വിവാദഭൂമിയായത്. കാമ്പസ്സില്‍ ദേശദ്രോഹ പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
തീവ്ര ഇടതുപക്ഷ ആശയക്കാരായ ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനാണ് ജെ.എന്‍.യുവിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ.എന്‍.യുവില്‍ ഇവര്‍ മുമ്പും ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതുപോലെ 2010ല്‍ ഛത്തീസ്ഗഢില്‍ മാവോവാദികള്‍ സിആര്‍പിഎഫ് അംഗങ്ങളെ കൊലപ്പെടുത്തിയപ്പോള്‍ അത് ജെ.എന്‍.യുവില്‍ ആഘോഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹിഷാസുരനെ പൂജിക്കുന്നതും കാശ്മീരി വിഘടനവാദി ഗീലാനിയെ സെമിനാറിന് വിളിച്ചതും ഇത്തരം പ്രവര്‍ത്തികളുടെ ഭാഗമാണെന്നും റിപ്പര്‍ട്ടില്‍ പറയുന്നു.
ഡി.എസ്.യു പ്രവര്‍ത്തകരാണ് അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ 12ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജെ.എന്‍.യു കാമ്പസ്സിലെ സംഭവങ്ങള്‍ക്ക് ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചതും വിവാദങ്ങള്‍ ആളിക്കത്തിച്ചു.
കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത് തിരക്കിട്ട തീരുമാനമായി പോയെന്ന് ഡല്‍ഹി പൊലീസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ പ്രവര്ത്തിക്കുന്ന ഡി.എസ്.യു പ്രവര്‍ത്തകരാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും അഫ്‌സല്‍ ഗുരുവിനെ പ്രകീര്‍ത്തിച്ചതും. കാശ്മീരിനെക്കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്..