കൊച്ചി:എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊടിയ പീഡനമാണ് തനിക്ക് സുദേഷ് കുമാറിന്‍റെ ഭാര്യയില്‍ നിന്നും മകളില്‍ നിന്നും അനുഭവിക്കേണ്ടി വന്നതെന്ന് ഗവാസ്കര്‍ പറയുന്നു. ഒന്നും ചെയ്യാതെ പെണ്‍കുട്ടി മര്‍ദ്ദിക്കില്ലെന്ന ആരോപണത്തിന് താനും സഹപ്രവര്‍ത്തകരും ഇതുവരെ അനുഭവിച്ച പീഡന അനുഭവങ്ങളാണ് ഗവാസ്കറിന് പറയാനുള്ളത്. സുദേഷ് കുമാറിന്‍റെ വീട്ടില്‍ ഡ്രൈവറായി ജോലിക്കെത്തിയത് മുതല്‍ താന്‍ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഗവാസ്കര്‍ പറയുന്നു.
ഡ്രൈവറായി വന്ന അന്ന് മുതല്‍ തന്നെ ഔദ്യോഗിക വാഹനം കൂടുതലായി ഉപയോഗിക്കുന്നത് എഡിജിപിയുടെ മകളും ഭാര്യയുമാണെന്ന് മനസിലായിരുന്നു. രണ്ട് പേരുടേയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും ഔദ്യോഗിക വാഹനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ജിമ്മിലും ഷോപ്പിങ്ങിനും പോകുമ്പോള്‍ പോലും വാഹനം ഉപയോഗിച്ചിരുന്നെങ്കിലും താന്‍ ഇക്കാര്യത്തില്‍ തലയിട്ടിരുന്നില്ലെന്നും ഗവാസ്കര്‍ പറയുന്നു.
പലപ്പോഴും അടിമകളെ പോലെയായിരുന്നു അവിടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോട് എഡിജിപിയുടെ മകളും ഭാര്യയും പെരുമാറിയിരുന്നത്. മീന്‍ വാങ്ങി കൊണ്ടുവരുന്നത് മുതല്‍ പട്ടിയെ കുളിപ്പിക്കുന്നത് വരെ തങ്ങളെ കൊണ്ട് ചെയ്യിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയുടേയും മകളുടേയും ചെരുപ്പ് കഴുകാന്‍ വരെ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എതിര്‍ത്തപ്പോഴാണ് മകള്‍ തന്‍റെ പേരില്‍ എഡിജിപിയോട് പരാതി പറഞ്ഞത് എന്നും ഗാവസ്‌കർ പറയുന്നു .മനോരാമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്കര്‍ ഇ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.മകള്‍ പരാതിപറഞ്ഞ പിന്നാലെ എഡിജിപി തന്നെ ചീത്ത പറഞ്ഞു. അധികം കളിച്ചാല്‍ കൊന്നുകളയുമെന്ന് വരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതൊക്കെ ആയതോടെ തന്നെ കാമ്പിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഗവാസ്കര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇതിനിടെയാണ് മര്‍ദ്ദനത്തിന് കാരണമായ സംഭവം ഉണ്ടാകുന്നത്. ബുധനാഴ്ച താന്‍ എഡിജിപിയുടെ മകളേയും ഭാര്യയേയും കൊണ്ട് പ്രഭാത സവാരിക്കായികനകകുന്നിലെത്തിച്ചു. അവിടുന്ന് താന്‍ ഫിസിക്കല്‍ ട്രെയിനറുമായി സംസാരിച്ചിരുന്നു. അത് ഇരുവര്‍ക്കും ബോധിച്ചില്ല. തിരിച്ച് വണ്ടിയില്‍ കയറിയത് മുതല്‍ തന്നെ ചീത്ത വിളിച്ചു. ഇത് താന്‍ എഡിജിപിയോട് പരാതി പറഞ്ഞു. പിറ്റേന്ന് പിറ്റേന്നും പ്രഭാത സവാരിക്കായി താന്‍ ഇരുവരേയും കൊണ്ട് പോയി. എന്നാല്‍ എഡിജിപിയോട് താന്‍ പരാതി പറയുമല്ലേ എന്ന് ചോദിച്ചായി ചീത്തവിളി. ഉടന്‍ താന്‍ വണ്ടി നിര്‍ത്തി. തെറിവിളി നിര്‍ത്തിയില്ലേങ്കില്‍ താന്‍ വണ്ടിയെടുക്കില്ലെന്ന് പറഞ്ഞതോടെ ഇരുവരും ദേഷ്യപ്പെട്ട് വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോയി ഓട്ടോ വിളിച്ചു. ഇതിനിടെ തിരിച്ച് വന്ന മകള്‍ മൊബൈല്‍ എടുത്ത് തന്നെ തലങ്ങും വിലങ്ങും കഴുത്തിന് മര്‍ദ്ദിച്ചു
വിദ്യാസമ്പന്ന 24 വയസുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് എഡിജിപിയുടെ മകള്‍. അച്ഛനും മകള്‍ക്കുമെതിരെ തിരിഞ്ഞത് തന്‍റെ ജോലിക്കും ജീവനും തന്നെ ഭീഷണിയാണെന്ന് തനിക്ക് അറിയാം. എങ്കിലും തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയെങ്കിലും ഈ പോരാട്ടം തുടരുമെന്നും ഗവാസ്കര്‍ അഭിമുഖത്തില്‍ പറയുന്നു.
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍. മര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് സാരമായ പരുക്ക് ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകത്തും ഇടിച്ചതായാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്