ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡല്‍ പട്ടികയില്‍നിന്ന് കേരളം പുറത്ത്. പട്ടിക കൃത്യസമയത്തു സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്തായത്. എന്നാല്‍, പട്ടിക കൃത്യസയത്തുതന്നെ അയച്ചുവെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കി അയയ്ക്കുന്നത്. ഐപിഎസ്ഐഎഎസ് ചേരിപ്പോരു കാരണം ഇത്തവണ സമിതി യോഗം ചേര്‍ന്നില്ലെന്നും മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിനു കൈമാറിയില്ലെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു.
അതേസമയം, മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക സമയത്തു തന്നെ കേന്ദ്ര സര്‍ക്കാരിന് അയച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഡിസംബര്‍ 31നകമായിരുന്നു പട്ടിക കൈമാറേണ്ടിയിരുന്നത്. അതിനു മുന്‍പേ ഉന്നതതല സമിതി യോഗം ചേര്‍ന്നു പട്ടിക തയാറാക്കി അയച്ചതായി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അറിയിച്ചത്. ഡിജിപി നല്‍കിയ 50 പേരുടെ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. അതിനാല്‍ അര്‍ഹരായവര്‍ക്കു മുന്‍ വര്‍ഷത്തെ പോലെ ഇക്കുറിയും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.