നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക് !!തുടരന്വേഷണം നടത്താൻ പോലീസ്.ദിലീപിന്റെ ജാമ്യം റദ്ദാകും ?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പുതിയ കുരുക്ക് ! കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ നടനെ വലിയ കുരുക്കിൽ എത്തിച്ചിരിക്കയാണ് . തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചതും അന്വേഷണത്തിന് വിധേയമാക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയെന്നും സാക്ഷികളെ സ്വാധീനിച്ചു എന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ കാറില്‍ കടത്തിക്കൊണ്ട് പോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ദിലീപിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.

കേസുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ അടക്കം ചേര്‍ത്ത് വിശദമായ പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി സന്ധ്യയ്ക്കും അടക്കം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് അന്വേഷണ സംഘം പുനരന്വേഷണത്തിനുളള സാധ്യത തേടുന്നത്. നടിയെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കമുളള സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ്.

കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തൽ . ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ആരെന്ത് പറഞ്ഞാലും മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നാണ് കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് പ്രതികരിച്ചത്.

കേസിലെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം മാധ്യമങ്ങളോട് ഇതേപറ്റി സംസാരിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ ആരോപണങ്ങളെല്ലാം കേട്ടിരിക്കുകയാണെന്നും നടന്‍ പ്രതികരിച്ചു. ‘അവിടെയിരുന്ന് ആരെന്ത് പറയുമ്പോഴും എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. എന്റെ പ്രേക്ഷകരോട് സത്യമെന്താണെന്ന് പറയാന്‍ പറ്റാത്ത സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്’ ദിലീപ് പറഞ്ഞു എന്ന് റിപ്പോർട്ടർ ടിവി വെളിപ്പെടുത്തി .

ഈ വീഡിയോയുടെ ഒറിജിനല്‍ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോടതിക്ക് മുന്നിലുളള വീഡിയോയുടെ കോപ്പി മാത്രമാണ് ആകെയുളളത്. നടിയുടെ കൂടി ആവശ്യം പരിഗണിച്ച് ഈ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് കോടതി വിലക്കിയിരുന്നു. അതേസമയം കോടതിയില്‍ വെച്ച് പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കിയിരുന്നു. ഈ നിര്‍ണായക വീഡിയോ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിരുന്നു എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്.

ദിലീപിന്റെ ആലുവയിലുളള വീട്ടില്‍ താന്‍ പോയപ്പോള്‍ ഒരു വിഐപി ആണ് ഈ ദൃശ്യങ്ങള്‍ എത്തിച്ചത് എന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. വീട്ടില്‍ വെച്ച് എല്ലാവരും ചേര്‍ന്നാണ് വീഡിയോ കണ്ടത് എന്നും തന്നെയും കാണാനായി ദിലീപ് വിളിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തുകയുണ്ടായി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങളാണ് എന്നാണ് ദിലീപ് പറഞ്ഞത് എന്നും ഇദ്ദേഹം ആരോപിക്കുകയുണ്ടായി.

വീഡിയോയില്‍ ശബ്ദം വ്യക്തമായിരുന്നില്ലെന്നും 20 മടങ്ങ് വോളിയം ഉയര്‍ത്തിയതാണ് എന്നും ബാലചന്ദ്രകുമാര്‍ പറയുകയുണ്ടായി. ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടുവെങ്കില്‍ അതെങ്ങനെ, എവിടെ നിന്ന് കിട്ടി എന്നാണ് പ്രധാന ചോദ്യം. ബാലചന്ദ്ര കുമാര്‍ പറഞ്ഞ വിഐപി ആരെന്നതും ഉത്തരം ലഭിക്കേണ്ടുന്ന ചോദ്യമാണ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ പരിചയം ഇല്ലെന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും ഇരുവരും നല്ല അടുപ്പമാണ് എന്നുമാണ് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നത്. മാത്രമല്ല പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്ത് പറയരുത് എന്ന് ദിലീപ് തന്നെ ജയിലില്‍ വിളിച്ച് വരുത്തി ആവശ്യപ്പെട്ടിരുന്നുവെന്നും കാവ്യാ മാധവന്‍ അടക്കമുളളവരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

Top