ദിലീപിന് രക്ഷപ്പെടാനാവില്ല !ദിലീപും സംഘവും കൂടി സാഗനെക്കൊണ്ട് കള്ള പരാതി കൊടുപ്പിച്ചു. മൊഴി മാറ്റിയതിലും ദിലീപിന്റെ സ്വാധീനത്താലെന്ന് കോടതിയില്‍ അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനി രക്ഷയില്ല .ഓരോ ദിനവും ദിലീപിനെതിരെയുള്ള കുരുക്കുകൾ മുറുകുകയാണ് .രക്ഷപ്പെടാനുള്ള പഴുതുകൾ മുഴുവൻ പോലീസ് പൊളിച്ചടുക്കി . നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി ജെഎഫ്എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈജു പൗലോസ് വ്യക്തമാക്കി. കേസില്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂറാണ് ചോദ്യം ചെയ്തത്. ഇരുവരും അന്വേഷണസംഘത്തിന് നല്‍കുന്ന ഉത്തരങ്ങള്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ എഫ് എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായി അന്വേഷണ സംഘത്തിലവന്‍ ബൈജു പൗലോസ് കോടതി അറിയിച്ചു.കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണസംഘം കടുത്ത നടപടികളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് സാഗറിനെതിരെയുള്ള റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഗറിന്റെ പരാതി. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സാഗര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തി. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ആദ്യം ബാലചന്ദ്രകുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. പിന്നാലെ ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങളില്‍ നിന്ന് പ്രതി ദിലീപ് ഒഴിഞ്ഞു മാറുകയാണ്. ഇതിനാലാണ് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. കേസില്‍ നിര്‍ണായകമായ നിരവധി തെളിവുകള്‍ നിരത്തിയാണ് നിലവില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണെന്ന് പിന്നീട് ബാലചന്ദ്രകുമാര്‍ തിരിച്ചറിയുകയും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാവുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11.30 മുതല്‍ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ ദിലീപിനെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.

Top