നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍!ജഡ്ജിക്കെതിരെ ഗുരുതര ആരോപണം.കോടതിക്കെതിരേ ഡബ്ല്യു സി സിയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്ത്. ഈ കോടതിയില്‍ വിചാരണ ചെയ്താല്‍ ഇരയ്ക്ക് നീതി കിട്ടുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് വിചാരണ കോടതിയില്‍ തന്നെ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും. കൊറോണ വ്യാപന ആശങ്കയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിചാരണ അടുത്തിടെയാണ് പുനരാരംഭിച്ചത്. സാക്ഷികളായ ചില സിനിമാ താരങ്ങള്‍ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് വിചാരണ ചെയ്തത് എന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നു എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി.

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. വിചാരണ ഈ ജഡ്ജിക്ക് മുമ്പാകെ നടന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിക്കുന്നു. വിചാരണ കോടതിയില്‍ തന്നെയാണ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതിയുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. ഇരയെ പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്യന്തം സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത് എന്നും ഹര്‍ജിയില്‍ പറയുന്നു. വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല പല കാര്യങ്ങളും ഹര്‍ജിയില്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. മുഖ്യസാക്ഷിയുടെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്ന് പോയ ശേഷം തുറന്ന കോടതിയില്‍ ഒരു ഊമക്കത്ത് വായിച്ചു. കോടതിയും ചില പരാമര്‍ശങ്ങള്‍ നടത്തി. ഈ സാഹചര്യത്തിലാണ് ഈ പരാതി സമര്‍പ്പിക്കുന്നത് എന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

ഈ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രോസിക്യൂഷന് വിശ്വസിക്കുന്നില്ല. പ്രോസിക്യൂഷനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ് കോടതി. ഊമക്കത്തുകളുടെ പേരില്‍ പോലും ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ കേസ് ഇങ്ങനെ തുടരുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റേതെങ്കിലും കോടതിയിലേക്ക് കേസിന്റെ വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം. നീതിയുടെ താല്‍പ്പര്യം സംരക്ഷിക്കണം എന്നതിനാലാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്.

ഇവിടെ ചൂണ്ടിക്കാട്ടാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ട്. നീതിന്യായ വ്യവസ്ഥയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കാത്തത് എന്നും പ്രോസിക്യൂഷന്‍ ബോധിപ്പിക്കുന്നു. കൂടുതല്‍ ചര്‍ച്ചയാകും നിലവില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ തന്നെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ, കോടതി ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് റഫര്‍ ചെയ്യപ്പെട്ടേക്കാം. വരുംദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. വിചാരണ ആറ് മാസത്തിനം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിക്കെതിരേ ഡബ്ല്യു സി സിയും രംഗത്ത് എത്തി . കേസിൽ അനിശ്ചിതത്വമാണെന്നും ജനങ്ങളും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണമെന്നും സംഘടന പ്രസ്താവിച്ചു. കേസിൽ പരസ്യ പ്രസ്താവനകൾക്കു വിലക്കുള്ളപ്പോഴാണ് കോടതിക്കെതിരേ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനം. കേസിനെ സ്വാധീനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ ഇറക്കിയതിന് രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ആഷിഖ് അബു എന്നിവർക്കെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു

പ്രസ്താവനയുടെ പൂർണ രൂപം:

‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്നു പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു.

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ…

കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്. അതിക്രമത്തിന് ഇരയായ നടിക്കു നിലവിലെ വിചാരണക്കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും വിചാരണ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ ഏറെ നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സ്പെഷൽ പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിലാണു സാക്ഷി വിസ്താരം നിർത്തിവച്ചത്. ഇരയ്ക്ക് അർഹമായ നീതി ലഭിക്കാൻ വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന അപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള അവസരം നൽകണമെന്നും അതിനായി വിസ്താരം നിർത്തിവയ്ക്കണമെന്നും ആയിരുന്നു പ്രോസിക്യൂട്ടറുടെ അഭ്യർഥന.

കഴിഞ്ഞ 14ന് സാക്ഷി വിസ്താരത്തിനിടെ തനിക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ വാസ്തവമല്ലാത്തതും അനവസരത്തിലുള്ളതുമാണെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ നൽകിയ ഹർജിയിൽ പറയുന്നു. കോടതിക്കു ലഭിച്ച ഊമക്കത്ത് പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ വായിച്ച ശേഷമുണ്ടായ പരാമർശങ്ങളിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഫെബ്രുവരി 19ന് അപേക്ഷ നൽകിയിട്ടും കോടതി ഇതുവരെ പരിഗണിച്ചില്ലെന്നും പ്രോസിക്യൂട്ടറുടെ ഹർജിയിലുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജി വിചാരണക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

സുപ്രീംകോടതി വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആദ്യം ഉത്തരവിട്ടത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. പിന്നീടാണ് കൊറോണ വ്യാപനമുണ്ടായത്. വിചാരണ കോടതി ജഡ്ജി കൂടുതല്‍ സമയം തേടി. തുടര്‍ന്ന്് വീണ്ടും സമയം നീട്ടി നല്‍കി. എങ്കിലും അടുത്ത ഫെബ്രുവരിക്കകം വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമാ മേഖലിയല്‍ നിന്നുള്ളവര്‍ ബന്ധപ്പെട്ട കേസായതിനാല്‍ മിക്ക സാക്ഷികളും സിനിമാ പ്രവര്‍ത്തകരാണ്. നാല് സാക്ഷികള്‍ അടുത്തിടെ കൂറുമാറിയിരുന്നു. ഇടവേള ബാബു, സിദ്ദീഖ്, ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കൂറുമാറിയത്. ഇവര്‍ ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴി കോടതിയില്‍ നല്‍കിയ വേളയില്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ക്വട്ടേഷന്‍ സംഘങ്ങലെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപ് ആണ് എന്ന ആരോപണം ഉയര്‍ന്നതും അറസ്റ്റ് ചെയ്തതും. 2017 ജൂലൈയിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.80 ദിവസത്തിലധികം ആലുവ സബ്ജയിലിലായിരുന്നു ദിലീപ്. പിന്നീട് കടുത്ത വ്യവസ്ഥകളോടെ ജാമ്യം നല്‍കി. സാക്ഷികളെ സ്വാധീനിക്കരുത് എന്ന വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

താന്‍ കൂറുമാറിയതല്ല എന്നാണ് ഇടവേള ബാബു അടുത്തിടെ ചാനല്‍ പരിപാടില്‍ വിശദീകരിച്ചത്. താന്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്നും കൂറുമാറിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത് അപൂര്‍ണമായിട്ടാണ്. കോടതിയില്‍ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. അമ്മ എപ്പോഴും നടിക്കൊപ്പമാണെന്നും ഇടവേള ബാബു പറഞ്ഞു.

Top