ബിനോയിയെ അറസ്റ്റ് ചെയ്യില്ല; കണ്ടെത്താൻ കഴിയാതെ പോലീസ്; യുവതിയുടെ മൊഴിയിലും വൈരുദ്ധ്യം

മുംബയ്: ബിനോയ് കോടിയേരി വിഷയത്തില്‍ മുംബൈ പൊലീസ് പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ ശ്രീജിത്തിനേയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിനോയ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ കേരളത്തിലെത്തിയ മുംബയ് പൊലീസ് സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയുടെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് രഹസ്യമൊഴി എടുക്കുന്നത്. ബിനോയിയുമായുളള വിവാഹം നടന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് മൊഴികള്‍. ഈ വൈരുദ്ധ്യം ബിനോയിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയിയുടെ അമ്മയുമായ വിനോദിനി മുംബൈയില്‍ എത്തിയിരുന്നു. യുവതിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിരുന്നുവെന്ന് ശ്രീജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ കാരണം. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം

ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വൈകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇതുമൂലമാണ് ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറിയത്. ഒളിവിലുള്ള ബിനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ ബിനോയിക്കെതിരേയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി തുടര്‍ച്ചയായി പുറത്തുവിട്ടുകൊണ്ടിരിക്കുകയുമാണ്.

യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു. രണ്ടാം ഭാര്യയെന്നാണ് യുവതിതന്നെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ബലാത്സംഗം എങ്ങനെ നിലനില്‍ക്കുമെന്ന് അഭിഭാഷകര്‍ ചോദിച്ചു.

”ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുമ്പാണു സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല”അഭിഭാഷകര്‍ വാദിച്ചു. പാസ്പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക് അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു തന്റെ പേര് ചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബിനോയിയുടെ വാദം.

Top