ബാരബാന്‍കി: ഉത്തര്‍പ്രദേശിലെ ബാരബാന്‍കിയില്‍ പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞ ദിവസം വിവാഹപന്തലായി മാറി. ഖാല പൊലീസ് സ്റ്റേഷനിലാണ് പൊലീസുകാരുടെ നേതൃത്വത്തില്‍ ഒരു വിവാഹം നടന്നത്. കമിതാക്കളുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹം പൊലീസ് സ്റ്റേഷനില്‍ നടന്നത്. വിനയ് കുമാറിന്റെയും നേഹ വര്‍മ്മയുടെയും ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വീട്ടുകാര്‍ തങ്ങളുടെ ബന്ധം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഇരുവരും ഒളിച്ചോടി. ഇതേ തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ മൊഹമ്മദ്പൂര്‍ ഖാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും പരസ്പരം ഇഷ്ടത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇരവരെയും കണ്ടെത്തി പൊലീസ് സ്റ്റേഷന്‍ തന്നെ ഒരു വിവാഹവേദിയാക്കി മാറ്റുകയായിരുന്നു. വിവാഹത്തിന് ഇരുവീട്ടുകര്‍ക്കും സമ്മതിക്കേണ്ടിവന്നു. ”രണ്ട് ദിവസത്തോളം വിനയിനെയും നേഹയെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ യുവാവും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും മനസിലായി. തുടര്‍ന്ന് രണ്ട് പേരുടെയും വീട്ടുകാരുമായി സംസാരിച്ച സ്റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്തിക്കൊടുത്തു”, ബാരബാന്‍കി എഎസ്പി ദിഗംബര്‍ ഖുശ്വാഹ പറഞ്ഞു.
വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല; കമിതാക്കള്‍ക്ക് പൊലീസ് സ്റ്റേഷന്‍ വിവാഹപന്തലായി
Tags: police station