മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു

suicide

മലപ്പുറം: ഞായറാഴ്ച മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു. വണ്ടൂരിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് എസ്ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. പള്ളിക്കുന്ന് സ്വദേശി അബ്ദുള്‍ ലത്തീഫ് തൂങ്ങി മരിച്ചത്. ഉടുത്തിരുന്ന മുണ്ട് ശുചിമുറിയിലെ എയര്‍ഹോളില്‍ കെട്ടിയാണ് ലത്തീഫ് തൂങ്ങി മരിച്ചത്. ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി. ലത്തീഫിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ 11 മണിയോടെ മരണം നടന്നിട്ടും വീട്ടുകാരെ വിവരമറിയിച്ചില്ലെന്നും ലത്തീഫിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. പൊന്നാനി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

Top