കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇന്റലിജന്‍സ് മേധാവി ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടിരുന്നു. രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ ടുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു…
അതേ സമയംപോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണംപറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം ആലോചിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും മുൻപ് യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം. ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചിരുന്നു.
എന്‍ഐഎയ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീക്കം. തങ്ങള്‍ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.