കൊച്ചി: കേരളത്തില്‍ പോലീസിനെതിരെ വ്യാപകമായി പരാതി ഉയരുന്നതിനിടെ കൊച്ചി പോലീസിനെതിരെ വീണ്ടും പരാതി. പോലീസിന്റെ മൂക്കിന് താഴെ കള്ളമന്‍മാരും കൊള്ളക്കാരും വിലസുകാണെന്നാണ് പരാതി ഉയരുന്നത്. ഏറ്റവുമൊടുവില്‍ മുന്‍ ഡിജിപിയും കള്ളന്‍മാരുടെ ഇരയായി.
മുന്‍ ഡി.ജി.പി പി. ജെ. അലക്സാണ്ടറുടെ മഹീന്ദ്ര എസ്.യു.വിയില്‍ നിന്ന് പട്ടാപ്പകല്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ വച്ച് രണ്ടരലക്ഷം രൂപയും നിരവധി രേഖകളുമടങ്ങിയ ബാഗ് നാലംഗ സംഘം മോഷ്ടിച്ചിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല. ഒരാളെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റിലായിട്ടില്ല.
കേസന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ എസ്.ഐ എസ്. വിജയശങ്കര്‍, ശിവസേനയുടെ സദാചാരഗുണ്ടായിസ പ്രശ്നത്തില്‍ സസ്പെന്‍ഷനിലായതോടെ അന്വേഷണവും വഴിമുട്ടിയതാണ് അറസ്റ്റ് വൈകുന്നതിന് കാരണം. എറണാകുളം മറൈന്‍ഡ്രൈവില്‍ കൊച്ചി റേഞ്ച് ഐ.ജി ഓഫീസിനും എ.ആര്‍ ക്യാമ്പിനും സമീപത്ത് മൂന്നാഴ്ച മുമ്പ് ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് സംഭവം. സംഘത്തിലെ തമിഴ്നാട് സ്വദേശിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
മറൈന്‍ഡ്രൈവിലെ ധനലക്ഷ്മി ബാങ്കിലേക്ക് മുന്‍ ഡി.ജി.പി കയറിയതിനു തൊട്ടു പിന്നാലെ ഡ്രൈവര്‍ ബിനുവിനെ കബളിപ്പിച്ചായിരുന്നു മോഷണം. മുന്‍സീറ്റില്‍ ഇരുന്ന ബിനുവിനോട് എന്തോ താഴെക്കിടക്കുന്നുവെന്ന് ഒരാള്‍ അറിയിച്ചു. ഡോര്‍ തുറന്ന് നിലത്തുകിടന്ന മൂന്നു പത്തുരൂപ നോട്ടുകള്‍ എടുക്കുന്നതിനിടെ മറുവശത്തെ ഡോര്‍ തുറന്ന് തസ്‌കര സംഘം ബാഗ് കൈക്കലാക്കി മുങ്ങുകയായിരുന്നു. അലക്സാണ്ടര്‍ മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഉടന്‍ സെന്‍ട്രല്‍ പൊലീസിനെ വിളിച്ചു വരുത്തി പരാതി നല്‍കി. ബിനുവിന്റെ മൊഴിയും രേഖപ്പെടുത്തി. തുടക്കത്തില്‍ ബിനുവിനെയാണ് പൊലീസ് സംശയിച്ചതെങ്കിലും പിന്നീട് ഇയാള്‍ നിരപരാധിയാണെന്ന് വ്യക്തമായി.
കോയമ്പത്തൂര്‍ക്ക് പോയ തമിഴ്നാട് സര്‍ക്കാരിന്റെ ബസിലാണ് സംഘം രക്ഷപ്പെട്ടത്. ബസില്‍ മദ്യപിച്ച് ഉറക്കെ സംസാരിച്ചിരുന്ന നാലു പേരെ കണ്ടക്ടറും ഡ്രൈവറും നിരീക്ഷിച്ചിരുന്നു. ഇവര്‍ വണ്ടി പാലക്കാട്ട് എത്തിയപ്പോള്‍ ഇറങ്ങി. കോയമ്പത്തൂര്‍ ഉക്കടത്ത് എത്തിയപ്പോഴാണ് ബസില്‍ ഒരു ബാഗ് ഇരിക്കുന്നത് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗില്‍ നിന്ന് പി.ജെ. അലക്സാണ്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതോടെ വിവരം അവിടുത്തെ പൊലീസിന് കൈമാറി. പിന്നീട് കേരള പൊലീസ് ബാഗ് ഏറ്റുവാങ്ങി മുന്‍ ഡി.ജി.പിക്ക് നല്‍കി.
ബാഗിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ, ചെക്ക് ബുക്കുകള്‍, കരം അടച്ച രസീത്, മറ്റ് ചില രേഖകള്‍ എന്നിവ നഷ്ടപ്പെട്ടു ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് മോഷണത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. തന്നെ ആരെങ്കിലും നിരീക്ഷിച്ച് പിന്നാലെ കൂടിയതാണോയെന്ന് അറിയില്ല. ചില സുപ്രധാന രേഖകളും തട്ടിയെടുത്തിട്ടുണ്ടെന്ന് അലക്സാണ്ടര്‍ പറഞ്ഞു. കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞത്. രണ്ടു പേര്‍ ഹിന്ദിയില്‍ സംസാരിച്ചതായും കണ്ടക്ടര്‍ മൊഴി നല്‍കി.