50ലധികം എംഎല്‍എമാര്‍ വിമത പക്ഷത്ത്..വീണ്ടും ശക്തി കൂട്ടി ഷിന്‍ഡേ ക്യാംപ്, പാര്‍ട്ടിയും ചിഹ്നവും പോകാതിരിക്കാനുള്ള നീക്കവുമായി ശിവസേന.തന്ത്രങ്ങള്‍ പാളി ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കൂടുതല്‍ എംഎല്‍എമാര്‍ വിമത പക്ഷം ചേരുന്നു. 50 ലധികം എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ശിവസേന വിമതന്‍ ഏകനാഥ് ഷിന്‍ഡെ എന്‍ഡിടിവിയോട് പറഞ്ഞു. ഏഴ് സ്വതന്ത്രരുൾപ്പെടെ കൂടുതൽ എംഎൽഎമാർ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ ക്യാമ്പിൽ എത്തി. ഇതോടെ ഗുവാഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിട്ടുള്ള വിമത എംഎൽഎമാരുടെ എണ്ണം അമ്പതിനോട് അടുത്തു.ഇതില്‍ 40ഓളം പേര്‍ ശിവസേന അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിലാണ് ഇവര്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെയുടെ ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ട് പോകും. അതിഷ്ടപ്പെടുന്നവരാണ് ഓരോ ദിവസവും ഞങ്ങള്‍ക്കൊപ്പം ചേരുന്നത്. ശിവസേന വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ക്കെതിരെ ഉദ്ധവ് താക്കറെ അയോഗ്യതാ നടപടികള്‍ തുടങ്ങിയത് നിയമവിരുദ്ധമാണ്. കൂടുതല്‍ അംഗങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനാധിപത്യത്തില്‍ നമ്പറുകളാണ് പ്രധാനം. അയോഗ്യതാ നടപടി അംഗീകരിക്കില്ല. അവര്‍ക്ക് അതിനുള്ള അവകാശമില്ലെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അയോഗ്യതാ നടപടി നിലനില്‍ക്കില്ല. 55 അംഗങ്ങളുള്ള ശിവസേനയില്‍ 37 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. 37 ശിവസേന എംഎല്‍എമാരും ഒമ്പത് സ്വതന്ത്രരും ഷിന്‍ഡെക്കൊപ്പമാണുള്ളത്. ഇന്നും ചില എംഎല്‍എമാര്‍ വിമത പക്ഷം ചേരുമെന്ന സൂചന നല്‍കിയിട്ടുണ്ട്.

ഷിന്‍ഡെയെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ച് 37 ശിവസേന എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കിയിരുന്നു. അതിനിടെയാണ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള 12 വിമതരെ അയോഗ്യരാക്കാന്‍ ഉദ്ധവ് താക്കറെ പക്ഷം നടപടി തുടങ്ങിയത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഷിന്‍ഡെയുടെ അടുത്ത നീക്കം. എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ക്കൊപ്പമുള്ള സഖ്യം മുന്നോട്ട് പോകില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ന്യൂഡല്‍ഹിയിലുണ്ട്.

ശിവസേന എംഎല്‍എമാര്‍ ഗുവാഹത്തില്‍ താമസിക്കുന്ന ഹോട്ടലിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിവസം എട്ട് ലക്ഷം രൂപയാണ് ശിവസേനയുടെ വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കുന്നത്. എഴുപത്ത് മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് ബുക്കിങ്. മൊത്തം ചെലവ് 56 ലക്ഷം വരുമെന്നാണ് റിപ്പോര്‍ട്ട്.

സൂറത്തിലെ ഹോട്ടലില്‍ രണ്ടുദിവസം താമസിച്ച ശേഷമാണ് ഇവര്‍ ഗുഹാവത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയത്. 196 മുറികളാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലു ഹോട്ടലിലുള്ളത്. ഇതില്‍ 70 മുറികള്‍ ശിവസേനയുടെ വിമതര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. പുതിയ ബുക്കിങുകള്‍ മാനേജ്‌മെന്റ് ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള റസ്റ്ററന്റ് ഹോട്ടലിലെ താമസക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്.

Top