ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയെ പിന്തുണച്ചുകൊണ്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത് രംഗത്ത്.അതേസമയം കേജ്റിവാളിനെതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ലയെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നുമാണ് ഷീല ദിക്ഷിത് പറഞ്ഞു.സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ അരവിന്ദ് കേജ്‌രിവാളിന് സാധിക്കുന്നില്ല. അതിക്രമങ്ങള്‍ തടയുന്നതില്‍നിന്നും ഓടിയൊളിക്കുകയാണ് അദ്ദേഹം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ഭരണനിര്‍വഹണത്തില്‍ കേജ്‌രിവാള്‍ കൂടുതല്‍ ശ്രദ്ധാലുവാകണം. രാഷ്ട്രീയത്തില്‍ കുറച്ചും. കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ സഹകരണം ആവശ്യമാണ്. ഡല്‍ഹിയില്‍ വികസനം കൊണ്ടുവരുന്നതിനുള്ള ശ്രമമൊന്നും കേജ്‌രിവാളിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. എല്ലാത്തിനെയും എതിര്‍ക്കുക മാത്രമാണ് കേജ്‌രിവാള്‍ ചെയ്യുന്നത്. കേന്ദ്രവുമായി സഹകരിച്ചുള്ള ഭരണമാണ് ജനങ്ങള്‍ക്കാവശ്യം. ഇതില്‍ കേജ്‌രിവാള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഷീല ദീക്ഷിത് ആവശ്യപ്പെട്ടു.ഭരണനിര്‍വഹണം ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയാണ്. പൊലീസിനെ രണ്ടായി വിഭജിക്കണം. വിവിഐപികളുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷ ഒരുവിഭാഗം ഏറ്റെടുക്കണം. സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനും മറ്റൊരു വിഭാഗത്തെയും നിയമിക്കണം – ഷീല ദിക്ഷിത് പറഞ്ഞു.
ഡല്‍ഹിയില്‍ പിഞ്ചുകു ബാലികമാര്‍ക്കെതിരെയുണ്ടായ പീഡനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഫ്റ്റനന്റ് ജനറല്‍ നജീബ് ജങ്ങും എന്താണ് ഇവിടെ ചെയ്യുന്നത്. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം തന്റെ കൈയില്‍ വയ്ക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ശ്രമമെങ്കില്‍ അദ്ദേഹമാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നില്ലെങ്കില്‍ അത് തിരിച്ചെടുക്കാമെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഡല്‍ഹിയില്‍ വ്യത്യസ്ത ഇടങ്ങളില്‍ രണ്ടു പിഞ്ചുകുട്ടികളാണ് പീഡനത്തിനിരയായത്. രണ്ടര, അഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളാണ് കൂട്ടമാനഭംഗത്തിനിരയായിരിക്കുന്നത്. സാരമായി പരുക്കേറ്റ കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്.