വത്തിക്കാൻ: കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന വിവാദത്തിൽ ചിലിയിലെ കത്തോലിക്കാസഭ വിവാദത്തില്‍. പോപ്പ് ഫ്രാൻസിസ് വത്തിക്കാനിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ, എല്ലാ മെത്രാന്മാരും കുറ്റക്കാരാണെന്ന അദ്ദേഹം വിധിച്ചു. യോഗത്തിൽ പങ്കെടുത്ത 34 ബിഷപ്പുമാരും രാജിസന്നദ്ധത അറിയിക്കുകയും സഭയോടും മാർപാപ്പയോടും ചിലിയോടും ലൈംഗിക പീഡനത്തിന് ഇരകളായ കുട്ടികളോടും മാപ്പുചോദിച്ചു. ബിഷപ്പുമാരുടെ രാജി മാർപ്പാപ്പ സ്വീകരിച്ചോ എന്നത് വ്യക്തമല്ലെങ്കിലും, കടുത്ത പ്രതിസന്ധിയിലൂടെയാണ് ചിലിയിൽ സഭ കടന്നുപോകുന്നതെന്നുറപ്പാണ്.
ഇപ്പോഴും പൗരോഹിത്യത്തിലുള്ള 31 ബിഷപ്പുമാരും വിരമിച്ച മൂന്നുപേരുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇവരെല്ലാവരും രാജിസന്നദ്ധത അറിയിച്ചുകൊണ്ട് പോപ്പിന് എഴുതി നൽുകകയായിരുന്നു. രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മാർപ്പാപ്പയാകാം. അദ്ദേഹത്തിന് വേണമെങ്കിൽ ഓരോന്നായി സ്വീകരിക്കുകയോ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യാം.
ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തെ എല്ലാ ബിഷപ്പുമാരും ഒന്നിച്ച് രാജിസന്നദ്ധത അറിയിക്കുന്നത്. പുരോഹിതന്മാർ കുട്ടികളെ പീഡിപ്പിക്കുന്നതായുള്ള വാർ്ത്തകൾ ലോകമെമ്പാടുനിന്നും ഉയരുന്നുണ്ട്. ആ പശ്ചാത്തലത്തിൽ ചിലിയിലെ സഭയ്ക്ക് പുറത്തേക്കും ഈ തീരുമാനം വലിയ അലയൊലികളുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് ബിഷപ്പുമാരുടെ രാജിക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം മാർപാപ്പ കൈക്കൊള്ളാത്തതെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ചയാണ് ചിലിയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് വത്തിക്കാൻ തയ്യാറാക്കിയ 2300 പേജുകളുള്ള വിശദമായ റിപ്പോർട്ട് പുറത്തുവരുന്നത്. ലൈംഗികാതിക്രമങ്ങൾ മൂടിവെക്കാൻ ചിലിയിലെ ബിഷപ്പുമാർ തെളിവുകൾ നശിപ്പിക്കുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പോപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. ബാലപീഡകരായ പുരോഹിതന്മാരെ രക്ഷിക്കുന്നതിനായി കടുത്ത അനാസ്ഥയും കുട്ടികളോട് കടുത്ത അവഗണനയുമാണ് ചിലിയൻ സഭ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
തുടർന്നാണ് ചിലിയൻ സഭയിലെ എല്ലാ മെത്രാന്മാരെയും മാർപാപ്പ വത്തിക്കാനിലേക്ക് വിളിച്ചുവരുത്തിയത്. സംഭവത്തിൽ ചിലിയൻ സഭയൊന്നാകെ കുറ്റക്കാരാണെന്ന് മാർപാപ്പ പ്രഖ്യാപിക്കുകയായിരുന്നു. കത്തോലിക്കാ സഭയുടെ ഔന്നത്യത്തെത്തന്നെയാണ് ചിലിയൻ സഭാ മേധാവികൾ നശിപ്പിച്ചതെന്നും പോപ്പ് പറഞ്ഞു. ഇക്കാര്യത്തിൽ ഒരാൾക്കും നിരപരാധിത്വം അവകാശപ്പെടാനില്ലെന്നും ചിലിയൻ ടിത്രി ചാനൽ പുറത്തുവിട്ട രേഖയിൽ മാർപാപ്പ പറയുന്നു. ഈ രേഖ യഥാർഥമാണെന്ന് പിന്നീട് വ്ത്തിക്കാൻ സ്ഥിരീകരിക്കുകയും ചെയ്തു.
ഈ രേഖയ്ക്കുള്ള മറുപടിയെന്നോണം തയ്യാറാക്കിയ കുറിപ്പിലാണ് ചിലിയൻ ബിഷപ്പുമാർ മാപ്പുചോദിച്ചിരിക്കുന്നത്. രാജ്യത്തോടും സഭയോടും പീഡിപ്പിക്കപ്പെട്ട കുട്ടികളോടും മാപ്പുചോദിക്കുന്നതായി അവർ വ്യക്തമാക്കി. മാപ്പർഹിക്കാത്ത വീഴ്ചയാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. തുടർന്ന് ബിഷപ്പുമാരെ വത്തിക്കാനിലേക്ക് പോപ്പ് വിളിച്ചുവരുത്തുകയായിരുന്നു.
ഫെർണാണ്ടോ കരാദിമയെന്ന വൈദികന്റെ പീഡനത്തിനിരയായവർ, കുറ്റകൃത്യം മറച്ചുവെക്കാൻ ബിഷപ്പ് യുവാൻ ബാരോസ് ശ്രമിച്ചുവെന്ന ആരോപണമുയർത്തിയതോടെയാണ ്ചിലിയിലെ വൈദികരുടെ ബാലപീഡനം പുറത്തുവരുന്നത്. ഇതേത്തുടർന്ന് പോപ്പ് ചിലിയിലേക്ക് രണ്ട് അന്വേഷകരെ അയച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് പ്രകാരം കരാദിമയിലും ബാരോസിലും മാത്രമൊതുങ്ങുന്നതല്ല ചിലിയിലെ സംഭവങ്ങളെന്ന് കണ്ടെത്തി. കുറ്റകൃത്യം മൂടിവെക്കാൻ സംഘടിത ശ്രമമുണ്ടായതായും അവർ പോപ്പിനെ ധരിപ്പിച്ചു.