3 മാര്‍പാപ്പമാരെ നേരില്‍ കണ്ട് അനുഗ്രഹം നേടി തിരുവനന്തപുരം സ്വദേശി

മൂന്നു മാര്‍പാപ്പാമാരെ നേരില്‍ കണ്ടു അനുഗ്രഹം നേടിയതിന്റെ സന്തോഷത്തില്‍ മലയാളിയായ മോനി ജേക്കബ്. പോള്‍ ആറാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്നിവര്‍ക്കു പിന്നാലെ ഇന്നലെ അബുദാബിയില്‍ വെച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ടു കണ്ടു ആശിര്‍വാദം സ്വീകരിക്കാന്‍ അവസരം ലഭിച്ചത്. ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന മാര്‍പാപ്പയെ നേരിട്ടുകാണുകയെന്നത് ഏതൊരു വിശ്വാസിയുടേയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ജീവിതത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന അനുഗ്രഹം. ആ അനുഗ്രഹത്തിന്റെ നിറവനുഭവിക്കുകയാണ് തിരുവനന്തപുരം അമ്പൂരി സ്വദേശിയായ മോനി ജേക്കബ്.

1964ല്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ബോംബെയിലെത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പയെയാണ് ആദ്യമായി നേരിട്ടുകാണുന്നത്. പിന്നീട് ജോണ്‍പോള്‍ രണ്ടാമനേയും കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പാപ്പായേയും നേരില്‍ കണ്ടു. മാര്‍പാപ്പ പകര്‍ന്ന അനുഗ്രഹം അഞ്ചു മക്കളും ചെറുമക്കളുമടങ്ങുന്ന കുടുംബത്തിനും പകരുകയാണ് ഈ അമ്മ.മാര്‍പാപ്പയെ കാണാന്‍ വേണ്ടിയാണ് തിരുവനന്തപുരത്തു നിന്നും അബുദാബിയിലെ മകള്‍ ജെന്നിഫറിന്റെ വീട്ടിലെത്തിയത്.

Top