ചരിത്രത്തിമെഴുതി;ഫ്രാന്‍സിസ് മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി

നാലു ദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് മാര്‍പാപ്പ ക്യൂബന്‍ വിപ്ലവ നായകനെ കണ്ട് സംസാരിച്ചത്.

നാല്‍പ്പത് മിനിറ്റോളം നീണ്ടു നിന്ന മാര്‍പാപ്പ ഫിദല്‍ കാസ്ട്രോ കൂടിക്കാഴ്ചയില്‍ സമകാലിക പ്രശ്നങ്ങളും മതപരമായ കാര്യങ്ങളും ചര്‍ച്ചാ വിഷയമായി. രണ്ട് ആത്മീയ പുസ്തകങ്ങള്‍ മാര്‍പ്പാപ്പ കാസ്ട്രോക്ക് കൈമാറിയപ്പോള്‍ ഫിദലും മതവും എന്ന പുസ്തകമാണ് മുന്‍ ക്യൂബന്‍ പ്രസിഡന്‍റ് തിരിച്ച് നല്‍കിയത്. ഫിദല്‍ കാസ്‌ട്രോയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ക്യൂബ സര്‍ക്കാര്‍ പുറത്ത് വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ വിപ്ലവ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ആയിരങ്ങളാണ് മാര്‍പാപ്പയെ കേള്‍ക്കാനെത്തിയത്. കത്തോലിക്കാ വിശ്വാസിയല്ലാത്ത പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും സന്നിഹിതനായിരുന്നു. മതസ്വാതന്ത്ര്യത്തിനും പള്ളിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമാണ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. ക്യൂബയുടെ മാതൃഭാഷയായ സ്പാനിഷിലായിരുന്നു പ്രസംഗം .

മാര്‍പാപ്പ 24ന് അമേരിക്കയിലേക്ക് തിരിക്കും. ക്യൂബയും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.നിലവിലെ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സഭയുടെ ദൗത്യങ്ങള്‍‍ പൂര്‍ത്തിയാക്കാന്‍ ക്യൂബന്‍ സഭക്ക് സ്വാതന്ത്യം നല്‍കണമെന്ന് റൗള്‍ ‍ കാസ്ട്രോയോട് പോപ്പ് ആവശ്യപ്പെട്ടു നയതന്ത്ര ബന്ധം പുനസ്ഥാപിച്ച അമേരിക്കയുടെയും ക്യൂബയുടെയും നടപടി ലോകത്തിന് മാതൃകയാണെന്ന് ഹവാനയിലെ പൊതു പരിപാടിക്കിടെ മാര്‍പ്പാപ്പ പറഞ്ഞു.

‘ദയയുടെ ധര്‍മ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബന്‍ സ്വദേശികള്‍ പോപ്പിനെ സ്വീകരിച്ചത്. തെരുവുകളില്‍ പ്രാര്‍ഥനകള്‍ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3500 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. ഹവാനയ്ക്കു പുറമേ ഹോള്‍ഗുയിന്‍, സാന്റിയാഗോ എന്നീ ക്യൂബന്‍ നഗരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ച ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കും. വൈറ്റ് ഹൗസില്‍ ഒബാമയുമായി ചര്‍ച്ച, യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗം, യുഎന്‍ പൊതുസഭയില്‍ പ്രസംഗം തുടങ്ങി അതിപ്രധാന പരിപാടികളാണ് യുഎസില്‍ മാര്‍പാപ്പയെ കാത്തിരിക്കുന്നത്.

ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമനും ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പോപ്പിന്റെ സന്ദര്‍ശനം ക്യൂബയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്യൂബ-യുഎസ് അനുരഞ്ജനം ലോകത്തിനു മുഴുവന്‍ മാതൃകയാകട്ടെയെന്ന് പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. തുറന്ന സൗഹൃദപാതയിലൂടെ മുന്നേറി അതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താണമെന്നും മാര്‍പാപ്പ ക്യൂബയോടും യുഎസിനോടും ആവശ്യപ്പെട്ടു.എല്ലാവരെയും നമ്മുടെ സ്വന്തം എന്നുകണ്ട് സ്‌നേഹിക്കണം. പരസ്പരമുള്ള സഹകരിക്കല്‍ മറ്റുള്ളവര്‍ എന്ന വാക്കിനെ പടിക്കുപുറത്ത് നിര്‍ത്തും. സേവനം പ്രത്യയശാസ്ത്രപരമല്ല, കാരണം നമ്മള്‍ സേവിക്കുന്നത് ആശയങ്ങളെയല്ല, മറിച്ച് ജനതയെയാണെന്നും മാര്‍പാപ്പ പറഞ്ഞു.

ദശാബ്ദങ്ങളായി അകന്നുനിന്ന അമേരിക്കയെയും ക്യൂബയെയും നയതന്ത്രപരമായി ഒന്നിപ്പിക്കുന്നതില്‍ മാര്‍പാപ്പ വലിയ പങ്ക് വഹിച്ചിരുന്നു.അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് തകര്‍ച്ചയിലായിരുന്ന പരസ്പരം ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ തുറക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചത്

Top