കത്തോലിക്കാ സഭ ഒരിക്കലും സ്ത്രീകളെ വൈദികരാക്കില്ല; പോപ്പ് ജോണ്‍ പോളിന്റെ ഉത്തരവ് സ്ഥിരീകരിച്ച് സംശയരഹിതമായി വനിതാ പൗരോഹിത്യം നിഷേധിച്ച് പോപ്പ് ഫ്രാന്‍സീസും

ആഗോള കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. സ്വീഡന്‍ സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ വിഷയത്തില്‍ തന്റെ അഭിപ്രായം മാര്‍പാപ്പ വ്യക്തമാക്കിയത്. സ്വീഡനില്‍ ലുഥറേന്‍ സഭാ ആസ്ഥാനത്ത് വനിതാ പുരോഹിതയാണ് മാര്‍പാപ്പയെ സ്വീകരിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് റോമന്‍ കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ വൈദികരാകുമെന്ന് കരുതുന്നില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്.
വനിതാ പൗരോഹിത്യം നിഷേധിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1994-ലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്‍കിയത്. കത്തോലിക്കാ പാരമ്പര്യത്തിനെതിരാണ് വനിതാ പൗരോഹിത്യമെന്ന് അദ്ദേഹം അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തോലിക്കാ സഭയില്‍ ഒരിക്കലും വനിതാ പുരോഹിതര്‍ ഉണ്ടാവില്ലേ എന്ന ചോദ്യത്തിനും സുവ്യക്തമായ മറുപടിയാണ് പോപ്പ് നല്‍കിയത്. ജോണ്‍ പോള്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി വായിക്കുകയാണെങ്കില്‍ അത് മനസ്സിലാവും എന്ന് അദ്ദേഹം പറഞ്ഞു. വനിതാ പൗരോഹിത്യത്തിന് അനുകൂലമായ നിലപാടല്ല മുമ്പും ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ലോകമെമ്പാടും പുരോഹിതരെ കിട്ടാന്‍ വിഷമം നേരിടുന്ന സാഹചര്യത്തില്‍, വനിതകളെ പൗരോഹിത്യച്ചുമതല ഏല്‍പ്പിച്ചേക്കുമെന്നൊരു ധാരണ ഉടലെടുത്തിരുന്നു.

യേശുക്രിസ്തു തന്റെ പ്രതിപുരുഷന്മാരായി ആണുങ്ങളെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന വിശ്വാസമാണ് കത്തോലിക്കരുടേത്. എന്നാല്‍, പ്രാചീന കാലത്ത് വനിതാ ഡീക്കന്മാരുടെ പദവി സംബന്ധിച്ച് പഠിക്കാന്‍ ഓഗസ്റ്റില്‍ ഒരു സമിതിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തിയപ്പോള്‍, വനിതാ പൗരോഹിത്യത്തിന് വഴി തെളിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കുര്‍ബാന നിര്‍വഹിക്കാന്‍ അവകാശമില്ലാത്തവരാണ് ഡീക്കന്മാര്‍. എന്നാല്‍ മാമോദീസ നടത്തുന്നതിനും ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇവര്‍ക്ക് അവകാശമുണ്ട്. ആദ്യകാലത്ത് അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഡീക്കന്മാരാകുന്നതില്‍നിന്ന് വനിതകളെ തടഞ്ഞു.
ക്രൈസ്തവ സഭയില്‍ ലിംഗ സമത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ വനിതാ പൗരോഹിത്യം അനുവദിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍പാപ്പയുടെ ഇപ്പോഴത്തെ നിലപാട് അതിനെ പാടേ തള്ളിയിരിക്കുകയാണ്.

Top