ഫ്ളാറ്റിൽ ഒറ്റക്ക് താമസിച്ചിരുന്ന ഐടി പ്രൊഫഷ്ണലിനു നേരെ യൂബർ ഈറ്റ്സ് ഡെലിവറി ബോയ് നടത്തിയ പോൺ പ്രദർശനത്തിന്‍റെ ഞെട്ടലിൽ നഗരം. അടുത്തിടെയാണ് കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളിൽ ഫുഡ് ഡെലിവറി ആപ്പുകൾ സജീവമായത്.
യൂബർ ഈറ്റ്സിനു പുറമേ, സ്വിഗി, സൊമാറ്റോ തുടങ്ങി നിരവധി ആപ്പുകളാണ് രംഗത്ത് സജീവമായത്. മൊബൈൽ ആപ്പിലെ ഒരു ക്ലിപ്പിലൂടെ ആഹാരം ജോലി സ്ഥലത്തോ വീട്ടിലോ എത്തുമെന്നതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത. ഐടി- വ്യവസായ ഹബ്ബായ കൊച്ചിയിൽ വളരെ വേഗം വളർന്നു വന്നുകൊണ്ടിരുന്ന ഫുഡ് ഡെലിവറി സംവിധാനങ്ങളാണ് ഇപ്പോൾ ആശങ്ക വീഴ്ത്തുന്നത്.
ഇന്നലെ ഐടി പ്രൊഫഷ്ണലായ യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം പുറത്തു വിട്ടത്. ഫ്ളാറ്റിൽ ഒറ്റയ്ക്കായിരുന്ന താൻ ഫുഡ് ഓർഡർ ചെയ്യുകയായിരുന്നുവെന്നും എത്തിയ ഡെലിവറി ബോയ് തന്നെ ഫോണിൽ പോൺ കാണിച്ചുവെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചു. പകൽ 3.45നായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ യൂബറിന് പരാതി നല്‍കിയ യുവതിക്ക് ഈ ഡെലിവറി ബോയിയെ സസ്പെന്‍റ് ചെയ്തതായി യൂബര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഉടന്‍ പോലീസിന് പരാതി നല്‍കും എന്നാണ് പ്രിയ പറയുന്നത്.ആരോപണ വിധേയനായ ഡെലിവറി ബോയ് മുൻപും സമാനമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭയം കൊണ്ടോ ആരോട് പരാതി പറയുമെന്ന് അറിയാത്തതുകൊണ്ടോ ആവാം പലരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നാണ് വിവരം. കൊച്ചി നഗരത്തിൽ മാത്രം നിലവിൽ ആറായിരത്തിലേറെ ഡെലിവറി ബോയ്സ് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
നഗരത്തിലെ ഫ്ളാറ്റുകളിലും വില്ലകളിലും മറ്റും ഇപ്പോൾ അർധ രാത്രിയിൽപോലും ഭക്ഷണം വാങ്ങുന്നതും ഇത്തരം ആപ്പുകൾ വഴിയാണ്. സ്ത്രീകളും കുട്ടികളുംഒറ്റക്കുള്ള സമയങ്ങളിൽ വീട്ടിലേക്കെത്തുന്ന ഡെലിവറി ബോയ്സ് എത്തരക്കാരാണെന്നുള്ള ഭീതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഫുഡ് ഡെലിവറിയുടെ പേരിൽ ആർക്കും എവിടെയും കയറി ചെല്ലാനാകുമെന്നതും ശ്രദ്ധേയമാണ്. ഡെലിവറി ബോയ്സിനെ തിരഞ്ഞെടുക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനികൾ തയാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.