ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രിയില്‍ പട്ടിണിയെ തുടര്‍ന്ന് 58കാരി മരിച്ചു. സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്.
സാവിത്രി ദേവിയുടെ റേഷന്‍ കാര്‍ഡ് ഇതുവരെ ശരിയാകാത്തതിനാല്‍ അവര്‍ക്ക് റേഷന്‍ ലഭിച്ചിരുന്നില്ല. അധികൃതരുടെ അനാസ്ഥ മൂലമാണ് റേഷന്‍ കാര്‍ഡ് ലഭിക്കാതെ പോയതെന്നാണ് ആരോപണം. റേഷന്‍ കാര്‍ഡിനായി പല തവണ അപേക്ഷിച്ചിരുന്നെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് സാവിത്രി ദേവിയുടെ മരുമകള്‍ പറഞ്ഞു.
മൂന്ന് ദിവസമായി സാവിത്രി ദേവിക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല. അന്നന്നത്തെ അന്നത്തിനുള്ള വക അതുവരെ മക്കള്‍ എവിടെ നിന്നെങ്കിലും കണ്ടെത്തിയിരുന്നു. എന്നാല്‍ മൂന്ന് ദിവസമായി കുടുംബം മുഴുപ്പട്ടിണിയിലായിരുന്നു. ആളുകള്‍ക്ക് മുമ്പില്‍ ഭിക്ഷയെടുത്ത് ഭക്ഷണം വാങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും മരുമകള്‍ സരസ്വതി ദേവി പറഞ്ഞു.
സംഭവം വിശദമായി പരിശോധിക്കുമെന്ന് ദുമ്രി എംഎല്‍എ ജഗര്‍നാഥ് മാഹ്‌ട്ടോ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സാവിത്രി ദേവിയുടെ മരണത്തിന് ഇടയാക്കിയത്. നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.