രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ആദ്യ ചിത്രം. രാമലീലയ്ക്ക് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തില്‍ പുരോഗമിക്കുകയാണ്. എന്നാലിപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.
ചിത്രത്തിന്റെ ധാരാളം ലൊക്കേഷന്‍ സ്റ്റില്ലുകള്‍ തങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും, ഇത് സിനിമയ്ക്ക് പിന്നിലെ ചിന്തകളെ ബാധിക്കുകയാണെന്നും അരുണ്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു, അതുമൂലം ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകള്‍ നിങ്ങള്‍ മാനിച്ചു ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’
അതേസമയം, ആദിക്ക് ശേഷം നായകനായി എത്തുമ്പോള്‍ വമ്പന്‍ ടീമാണ് പ്രണവിനൊപ്പം ഒരുമിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപി സുന്ദറും, ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവുമാണ്.